പെട്രോള്‍ പമ്പിന് ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തയാൾ അറസ്റ്റില്‍
കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
പരപ്പങ്ങാടി: പെട്രോള്‍ പമ്പ് തുടങ്ങുന്നതില്‍ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് 30 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. താനൂര്‍ സ്വദേശി ചീമ്പാളി ഹനീഫ(49) ആണ് അറസ്റ്റിലായത്. കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥലവും പെട്രോള്‍ പമ്പ് ലൈസന്‍സും കാണിച്ച ശേഷമാണ് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ആളുകളെ ഇതിലേക്ക് പാർട്ണർമാരായി ചേര്‍ക്കുന്നത്. തുടക്കത്തില്‍ 3-4 മാസം ലാഭ വിഹിതം കൊടുത്ത ശേഷം പിന്നീട് ലാഭവിഹിതമോ മുതലാ തിരികെ കൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതി.
നിലവില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ 5 ഓളം ആളുകളില്‍ നിന്നായി ഒരു കോടിയോളം രൂപ കൈവശപ്പെടുത്തിയതായി പരാതിയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ.എസ്‌ഐ മുരളീധരന്‍, പോലീസുകാരായ രാജേഷ്, ആല്‍ബിന്‍ , എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.