കൈക്കൂലി: വില്ലേജ് ഓഫീസര്‍ പിടിയില്‍
കഴിഞ്ഞദിവസം തളിപ്പറമ്പില്‍ സാധനം പൊതിഞ്ഞുവാങ്ങിയ പത്രത്തില്‍ വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നമ്പര്‍ കണ്ട് തിരുവനന്തപുരത്തേക്കു വിളിച്ചു. അവിടെ വിവരം പറഞ്ഞതു പ്രകാരം ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നു കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങത്തിനു വിവരം നല്കി.
തളിപ്പറമ്പ്: കൈക്കൂലിക്കായി ആറുദിവസംകൊണ്ട് നല്‍കേണ്ട ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് 74 ദിവസം വൈകിപ്പിച്ച വില്ലേജ് ഓഫീസര്‍ ഒടുവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. പട്ടുവം വില്ലേജ് ഓഫീസര്‍ ജസ്റ്റസ് ബെഞ്ചമി(47)നെയാണ് 2000 രൂപ കൈക്കൂലി വാങ്ങിയതിനു കണ്ണൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 11.30ന് വില്ലേജ് ഓഫീസില്‍ വച്ചാണ് കൈക്കൂലി വാങ്ങവെ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1,07,000 രൂപ വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വില്ലേജ് ഓഫീസര്‍ കാഞ്ഞിരങ്ങാട് കുടുംബസമേതം താമസിക്കുകയാണ്.
പട്ടുവം അരിയിലെ ടി. പ്രകാശന് എന്നയാള്‍ ഏപ്രില്‍ 18നു ബന്ധുത്വ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 5000 രൂപ തന്നാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ എന്ന നിലപാടാണ് വില്ലേജ് ഓഫീസര്‍ സ്വീകരിച്ചത്. മുബൈയില്‍ തൊഴിലാളിയായിരുന്ന പ്രകാശന് കോവിഡ് ലോക്ക്ഡൗണ്‍ കാരണം നാട്ടിലെത്തി തൊഴിലുറപ്പ് ജോലിചെയ്തുവരികയാണ്. പണിയില്ലാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍ പണം നല്‍കാനില്ലെന്ന് താണുകേണു പറഞ്ഞിട്ടും ജസ്റ്റസ് ബെഞ്ചമിന്‍ അംഗീകരിച്ചില്ലത്രേ. പല തവണ ഓഫീസ് കയറിയിറങ്ങിയശേഷം ഒടുവില്‍ 3000 രൂപ തന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞുവെങ്കിലും അതും സാധിക്കില്ലെന്നു പ്രകാശന് പറഞ്ഞു.
കഴിഞ്ഞദിവസം തളിപ്പറമ്പില്‍ സാധനം പൊതിഞ്ഞുവാങ്ങിയ പത്രത്തില്‍ വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നമ്പര്‍ കണ്ട് തിരുവനന്തപുരത്തേക്കു വിളിച്ചു. അവിടെ വിവരം പറഞ്ഞതു പ്രകാരം ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നു കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങത്തിനു വിവരം നല്കി. അദ്ദേഹം പ്രകാശനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും വീണ്ടും വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് 2000 രൂപക്ക് ഡീല്‍ ഉറപ്പിക്കുകയുമായിരുന്നു. രാവിലെ പണവുമായി പ്രകാശന് വില്ലേജ് ഓഫീസിലെത്തുന്നതിനു മുമ്പുതന്നെ വേഷംമാറി വിജിലന്‍സ് സംഘം വില്ലേജ് ഓഫീസ് പരിസരത്ത് എത്തിയിരുന്നു. പണം കൈപ്പറ്റിയെന്ന് ഉറപ്പുവരുത്തിയശേഷം കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ സാക്ഷിയാക്കിയാണ് വിജിലന്‍സ് ജസ്റ്റസ് ബെഞ്ചമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിജിലന്‍സ് സി.ഐമാരായ ടി.പി.സുമേഷ്, എ.വി.ദിനേശന്, പ്രമോദ്, എസ് ഐമാരായ കൃഷ്ണന്, പങ്കജാക്ഷന്, രമേശന്, വിനോദ് എന്നിവരും വില്ലേജ് ഓഫീസറെ കുടുക്കിയ സംഘത്തിലുണ്ടായിരുന്നു. ജസ്റ്റസ് ബെഞ്ചമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.