മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ജല വിഭവ വകുപ്പിന്റെ മൂന്ന് പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

മഞ്ചേരി:ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് പ്രാവര്‍ത്തികമാക്കുന്ന രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും പൂര്‍ത്തിയാക്കിയ വീട്ടിക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെയും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കിഫ്ബിയിലുള്‍പ്പെടുത്തി ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. ഇക്കാര്യത്തില്‍ എം.എല്‍.എമാരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും പിന്തുണ മാതൃകാപരമാണ്. ഓരോ മേഖലകളിലും നടക്കുന്ന പദ്ധതികളുടെ പുരോഗതി മാസത്തിലൊരിക്കലെങ്കിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ വകുപ്പുദ്യോഗസ്ഥരുമായി വിശകലനം ചെയ്യണം. നടത്തിപ്പിലുണ്ടാകുന്ന പ്രയാസങ്ങള്‍ ഓരോ ഘട്ടത്തിലും പരിഹരിക്കുന്നതിനും പദ്ധതികള്‍ അകാരണമായി നീളുന്നത് തടയാനും ഇതുകൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

കിഫ്ബിയിലുള്‍പ്പെടുത്തി മഞ്ചേരി നഗരസഭയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണത്തിന്റെയും കിഫ്ബി ഫണ്ടുപയോഗിച്ച് നിലവിലെ പദ്ധതിയുടെ കാലഹരണപ്പെട്ട പൈപ്പ് ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍ പദ്ധതിയുടെയും നിര്‍മാണോദ്ഘാടനം പയ്യനാട് ചോലക്കലിലെ നഗരസഭ കമ്മ്യൂനിറ്റി ഹാളില്‍ നടന്ന ചടങ്ങിലും മഞ്ചേരി വീട്ടിക്കുന്ന് മേഖലയില്‍ അഞ്ച് വാര്‍ഡുകളിലേക്ക് ശുദ്ധജലമെത്തിക്കാന്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം വായപ്പാറപ്പടിയില്‍ നടന്ന ചടങ്ങിലും മന്ത്രി നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്.