ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ അറിയാം
ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബർ ഓഫിസുമായി ബന്ധപ്പെട്ട്, അവിടെ ലഭിയ്ക്കുന്ന എക്സിറ്റ് അപേക്ഷ ഫോമുകൾ പൂരിപ്പിയ്ക്കണം.
ദമാം: സൗദിയിലെത്തിയിട്ട് കഫീൽ ഇതുവരെ ഇഖാമ എടുത്തു നൽകാത്തവർക്കും, ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ, അത്തരം സാഹചര്യങ്ങളിൽ പെട്ട് നാട്ടിൽ പോകാനാകാതെ വിഷമിയ്ക്കുന്ന എല്ലാ പ്രവാസികൾക്കും ഇപ്പോൾ ഉപയോഗപ്പെടുത്താൻ സാധിക്കും.
വീട്ടുജോലിക്കാർ, വീട്ടുഡ്രൈവർമാർ തുടങ്ങിയ വിസകളിൽ ഉള്ളവർക്കും, ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയ തൊഴിലാളി) ഉള്ളവർക്കും, ഏതെങ്കിലും പോലീസ് കേസുകളിൽപെട്ടവർക്കും (മത്തലൂബ്) ഒഴികെ, മറ്റുള്ള എല്ലാ അനധികൃത തൊഴിലാളികൾക്കും ഈ ഇളവുകൾ നിഷ്പ്രയാസം ഉപയോഗപ്പെടുത്താൻ കഴിയും.
ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബർ ഓഫിസുമായി ബന്ധപ്പെട്ട്, അവിടെ ലഭിയ്ക്കുന്ന എക്സിറ്റ് അപേക്ഷ ഫോമുകൾ പൂരിപ്പിയ്ക്കണം. അതോടൊപ്പം ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷനും നടത്തുകയും വേണം. രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ഇന്ത്യൻ എംബസ്സി ശുപാർശകത്ത് നൽകും. ആ കത്തും, നേരത്തെ പൂരിപ്പിച്ച എക്സിറ്റ് അപേക്ഷയും കൂടി ഒരുമിച്ചു ലേബർ ഓഫീസിൽ സമർപ്പിയ്ക്കണം. ലേബർ ഓഫിസിൽ അപേക്ഷ പരിഗണിച്ചു അനുമതി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ എക്സിറ്റിനു വേണ്ടിയുള്ള ടോക്കൺ ലഭിയ്ക്കും. ശേഷം ടോക്കൺ അനുസരിച്ചു ക്രമപ്രകാരം എക്സിറ്റും ലഭിയ്ക്കുന്നതാണ്. ഈ നടപടിക്രമങ്ങൾ എല്ലാം കൂടി സാധാരണ മുപ്പതു മുതൽ നാല്പത്തിഅഞ്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതാണ്. പ്രായമേറിയ വ്യക്തികൾക്കും, ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഒക്കെ മുൻഗണന നൽകി പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകാറുമുണ്ട്.
ഈ രീതിയിൽ എക്സിറ്റ് ലഭിയ്ക്കുന്നവർക്ക് വേറെ വിസയിൽ തിരികെ വരാൻ കഴിയും എന്നുള്ളതാണ് ഏറ്റവും പ്രധാന ഗുണം. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഈ ഇളവുകൾ ഉപയോഗപ്പെടുത്തി കഴിഞ്ഞു. എന്നാൽ ഇനിയും ഇതിനെപ്പറ്റി അറിയാത്തവർ ഏറെയുണ്ട്. അങ്ങനെയുള്ളവരിലേയ്ക്കും ഈ വിവരങ്ങൾ എത്തേണ്ടതുണ്ട്. അതിന് മാധ്യമങ്ങളും, സോഷ്യൽ മീഡിയയും, പ്രവാസി സംഘടനകളും മുൻകൈ എടുക്കേണ്ടതുണ്ട്.
ഇത്തരത്തിൽ എക്സിറ്റ് നേടാനായി നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാനായി നവയുഗം ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിയ്ക്കുന്നുണ്ട്. നിയമസഹായം ആവശ്യമുള്ളവർ 0530642511, 0532657010, 0557133992, 0537521890 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ എന്നിവർ അറിയിച്ചു.