തവനൂര്‍-തിരുന്നാവായ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
തിരുന്നാവായ: ഭാരതപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട തവനൂര്‍-തിരുന്നാവായ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം 24നകം ഭൂമി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് (ആര്‍.ബി.ഡി.സി) കൈമാറുമെന്നും മന്ത്രി പറഞ്ഞു.പാലനിര്‍മാണത്തിന് ഭൂമിവിട്ടുനല്‍കിയ കുടുംബങ്ങള്‍ക്കുളള തുക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിനായി ഭൂമി വിട്ടുനല്‍കിയ എട്ടോളം കുടുംബങ്ങള്‍ക്കാണ് മന്ത്രി ഇന്ന് തുക കൈമാറിയത്.
തവനൂര്‍ പഞ്ചായത്ത് ഓഫീസില്‍ ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസ് സംബന്ധിച്ചു.തിരുന്നാവായ കൊടക്കലില്‍ മന്ത്രി സന്ദര്‍ശനം നടത്തി.അപകടമേഖലയായ തിരൂര്‍-കുറ്റിപ്പുറം റോഡിലെ കൊടക്കല്‍ വളവാണ് മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചത്. കൊടക്കല്‍ വളവ് നികത്തല്‍, പട്ടര്‍നടക്കാവ് അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകും. പട്ടര്‍നടക്കാവിലെ ഗതാഗത പ്രശ്‌നത്തിന് ബൈപാസ് റോഡ് നിര്‍മിക്കണമെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു. കുറുക്കോളിമെയ്തീന്‍ എം.എല്‍.എ , ജില്ലാപഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി എന്നിവര്‍ സംബന്ധിച്ചു.