കുഞ്ഞാലിക്കുട്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു; എ വിജയരാഘവൻ
ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ലീഗിന് വ്യത്യസ്‌ത നിലപാടുകളെന്ന് വിജയരാഘവൻ
ആലപ്പുഴ: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുസ്ലീം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. എന്നാൽ അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങൾ നോക്കേണ്ട കാര്യമില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് സമൂഹം നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
മാറ്റങ്ങൾ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്. ഇതിനുപിന്നാലെ സർവകക്ഷി യോഗം ചേർന്നാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ തീരുമാനമെടുത്തത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ജനവിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന രീതിയിൽ ആരും പ്രതികരണം നടത്താൻ പാടില്ല. മുസ്ലീം ലീഗാണ് വ്യത്യസ്‌ത നിലപാടുകൾ എടുക്കുന്നത്. വിഷയം മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
ലീഗ് ഇപ്പോൾ ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയില്ല. യു ഡി എഫാണ് ഭരണത്തിലെങ്കിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചേനെ. ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന എണ്ണത്തിൽ കുറവ് വരില്ല. മുസ്ലിം ലീഗും യു ഡി എഫും അധികാരത്തിലിരുന്നതാണ്. അന്ന് ഈ സംവിധാനം തുടർന്നുപോയി. സമൂഹത്തിന്‍റെ പൊതുസാഹചര്യത്തിന് വിധേയമായായിരുന്നു അത്. ഇന്ന് സാഹചര്യം മാറി. കോടതി നിലപാടെടുത്തു. അത് പ്രകാരമാണ് സർക്കാർ നിലപാടെടുക്കുന്നതെന്നും വിജയരാഘവൻ വിശദീകരിച്ചു.