പ്രായമായ സ്ത്രീകളെ പരിചയം നടിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്നയാൾ പിടിയിൽ
കോവിഡിന്റെ പേരിൽ ലോൺ ഒപ്പിച്ചുനൽകാമെന്ന് പറഞ്ഞാണ് പലരെയും ഇയാൾ കബളിപ്പിച്ചത്.
കൊച്ചി: പ്രായമായ സ്ത്രീകളെ പരിചയം നടിച്ച് കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്നയാൾ പിടിയിൽ. കാസർകോട് മിയപടവ് കൊളിയൂർ സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് (43) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡിന്റെ പേരിൽ ലോൺ ഒപ്പിച്ചുനൽകാമെന്ന് പറഞ്ഞാണ് പലരെയും ഇയാൾ കബളിപ്പിച്ചത്. ജൂൺ 15ന് പത്മ തിയറ്ററിന് സമീപം നടന്നുപോവുകയായിരുന്ന 55കാരിയെ പിടിച്ചുനിർത്തി, ഇവരുടെ മകളെ വിവാഹം കഴിപ്പിച്ച വീടിനടുത്ത് താമസിക്കുന്ന ആളാണെന്നും തന്നെ മനസ്സിലായില്ലേ എന്നുമെല്ലാം ചോദിച്ച് അടുക്കുകയായിരുന്നു. കോവിഡിെന്റെ ലോണിന് അപേക്ഷിക്കാനുള്ള അവസാന ദിനമാന്നെന്നും താൻ ശരിയാക്കിത്തരാമെന്നും പറഞ്ഞ് ഇവരെ ബാങ്കിലേക്കെന്ന വ്യാജേന ഹൈകോടതിക്ക് സമീപത്തെ ഒരു സ്ഥാപനത്തിലേക്കെത്തിച്ചു. ഇവിടെ കയറുന്നതിനുമുമ്പ് സ്വർണമാല ബാങ്ക് ഉദ്യോഗസ്ഥർ കണ്ടാൽ ധനികരാണെന്നുകരുതി ലോൺ നൽകില്ലെന്നുപറഞ്ഞ് ഊരി വാങ്ങി.
മാല അടുത്തുള്ള ബന്ധുവിന്റെ കടയിൽ ഏൽപിച്ച് വരാമെന്ന് പറഞ്ഞ് പ്രതി മുങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.തുടർന്ന് സെൻട്രൽ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ജൂൺ 19ന് മുഹമ്മദ് മുസ്തഫ പെൻഷൻ വാങ്ങാൻ ട്രഷറിയിലെത്തിയ 70കാരിയെ കബളിപ്പിച്ച് 17,500 രൂപ തട്ടിയെടുത്തിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പെരുമ്പാവൂരിലാണെന്ന് കണ്ടെത്തി, എ.സി.പി കെ. ലാൽജിയുടെ നിർദേശപ്രകാരം പിടികൂടുകയായിരുന്നു.
രണ്ട് ഭാര്യമാരുള്ള പ്രതി പൊലീസ് പിടികൂടുമ്പോൾ മറ്റൊരു യുവതിയുമായി കഴിയുകയായിരുന്നു.തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തൃശൂർ, മംഗളൂരു എന്നിവിടങ്ങളിലായി പതിനഞ്ചോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.