അഡ്വ. എ ജയശങ്കറെ സിപിഐയില്‍ നിന്ന് ഒഴിവാക്കി


അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

കൊച്ചി: അഡ്വക്കറ്റ് എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വാര്‍ത്താ ചാനലുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും സിപിഐയെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സംഘടന തീരുമാനിച്ചത്. തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സിറ്റി സ്ക്കാൻ ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടിയിരുന്ന ക്യാമ്പയിന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ജൂണിലേക്ക് മാറ്റി. എല്‍ഡിഎഫിന്റെ ഭാഗമായിട്ട് കൂടി സിപിഐയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍മീഡിയയിലും അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് ആക്ഷേപത്തെ തുടര്‍ന്നാണ് നടപടി. 2020 ജൂലൈയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നീടും അദ്ദേഹം വിമര്‍ശനം തുടര്‍ന്നെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. പാര്‍ട്ടി അംഗം മാത്രമായിരുന്നെന്നും മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.

എന്നാല്‍, തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ ജയശങ്കര്‍ സിറ്റി സ്ക്കാൻ ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജോലി ആവശ്യാര്‍ത്ഥം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് തന്നെ പുറത്താക്കിയ കാര്യം അറിയുന്നതെന്നും പുറത്താക്കിയ വിവരം ബന്ധപ്പെട്ടവര്‍ തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.