മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗം അടിച്ചുപിരിഞ്ഞു;പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍. നേതൃയോഗത്തിനിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘര്‍ഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ ഒരു വിഭാഗം പുറത്തെത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ടാണ് വലിയ സംഘര്‍ഷത്തിലേക്ക് പോകാതെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് യോഗം നടന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചതു മുതല്‍ ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. പി.എസ്.സി. അംഗത്വം വില്‍പനയ്ക്കു വെച്ചു എന്ന ആരോപണം കൂടി ഉയര്‍ന്നതോടെ പ്രശ്‌നം ഗുരുതരമാവുകയായിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ്. കണ്‍വീനറുടെയും കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ഐ.എന്‍.എല്‍. വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം ഏറെക്കുറേ പരിഹരിക്കുന്ന സ്ഥിതിയിലെത്തി. അതിനിടെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സി.പി.എം. അംഗങ്ങളെ നിയമിക്കുന്ന സാഹചര്യവുമുണ്ടായി. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ചേരാന്‍ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനിടെയാണ് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.

വാരാന്ത്യ ലോക്ഡൗണിനിടെയാണ് ഇന്ന് യോഗം നടന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പോലീസ് സംരക്ഷണയില്‍ എറണാകുളത്തെത്തുകയും യോഗത്തില്‍ പങ്കെടുക്കുകയുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ യോഗം നടത്താന്‍ അനുമതി നല്‍കിയ ഹോട്ടല്‍ അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.