അടുത്ത മാസം മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകും
മക്ക: അടുത്ത മാസം പത്ത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ. അൽഅറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിലവിൽ സഊദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിൽ ഉള്ളവർക്ക് മാത്രമായിരിക്കും അനുമതി നൽകുകയുള്ളൂവെന്നാണ് സൂചന.എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നായിരിക്കും അനുമതി നൽകുന്നതെന്നോ മറ്റു മാനദണ്ഡങ്ങൾ എന്തായിരിക്കുമെന്നോ വ്യക്തമല്ല. മക്കക്ക് സമീപ പ്രദേശങ്ങളായ ജിദ്ദ,ത്വായിഫ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെടുക്കുന്നവർക്ക് ഉംറ പെർമിറ്റ് ലഭ്യമാക്കുന്ന പദ്ധതി സഊദി എയർലൈൻസ് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജിനു മുന്നോടിയായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ഇന്ന് മുതൽ സഊദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. സഊദിക്കകത്തെ സ്വദേശികൾക്കും വിദേശികൾക്കും പെർമിറ്റ് നേടി ഉംറ തീർത്ഥാടനവും മസ്ജിദുൽ ഹറാമിൽ നിസ്കാരവും നിർവഹിക്കാം. ആദ്യ ഘട്ടത്തിൽ ഇരുപതിനായിരം തീർത്ഥാടകർക്കാണ് അനുമതി നൽകുന്നത്. ഘട്ടം ഘട്ടമായി ഹജ്ജിനു മുന്നേയുള്ള നിലയിലേക്ക് തീർത്ഥാടകരുടെ എണ്ണം ഉയർത്താനാണ് പദ്ധതി.