ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം
.’താൻ അഖിലേന്ത്യാ സെക്രട്ടറിയാണ്. അതിനാൽ പാർട്ടിയുടെ ദേശീയ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ. ഐ എൻ എൽ അഖിലേന്ത്യാ സംവിധാനമാണ്. സംസ്ഥാന സംവിധാനമല്ല. ഞാൻ പാർട്ടിയുടെ ഭാഗത്താണ്’- അദ്ദേഹം പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മിലടിക്കുശേഷമാണ് പരസ്പരം പുറത്താക്കി പാർട്ടിയിലെ പിളർപ്പ് പൂർത്തിയായത്. ഐ എൻ എല്ലിലെ പ്രശ്നങ്ങൾ ഇടതുമുന്നണിക്കും സി.പി.എമ്മിനും പൊല്ലാപ്പായിരിക്കുകയാണ്. അടുത്ത മുന്നണി യോഗം ഇക്കാര്യം ചർച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നൽകിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കൾക്ക് ഉണ്ട്. അതെ സമയം മുന്നണിയിൽ തുടരാനുള്ള നീക്കങ്ങൾ ഇരു പക്ഷവും സജീവമാക്കി.
പരസ്യ വിഴുപ്പലക്ക് ഒഴിവാക്കി മുന്നണിയുടെ മാന്യത കാക്കണമെന്നാണ് ഈ മാസം ആദ്യം സി.പി.എം നേതൃത്വം നൽകിയ താക്കീത്.പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചും.നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി.സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിന്റെയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിലാണ് പാർട്ടി പിളർന്നിരിക്കുന്നത്.
അഖിലേന്ത്യാ നേതൃത്വം തങ്ങൾക്കൊപ്പമാണെന്നാണ് കാസിം വിഭാഗത്തിന്റെ അവകാശവാദം. മന്ത്രി അഹമ്മദ് ദേവർകോവിലും ഇവർക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കൗൺസിലിലും ഭൂരിഭാഗം തങ്ങൾക്കൊപ്പമെന്ന് വഹാബ് വിഭാഗം അവകാശപ്പെടുന്നുണ്ട്.ഐ.എൻ.എൽ വിഷയം ചർച്ച ചെയ്യാനായി അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേർന്നേക്കും.
ഘടകകക്ഷിയിൽ പിളർപ്പുണ്ടായാൽ ഇരു വിഭാഗങ്ങളെയും മുന്നണിക്ക് പുറത്തുനിറുത്തുന്നതാണ് ഇടതുമുന്നണിയിലെ കീഴ്വഴക്കം. മന്ത്രിയെ പുറത്തുനിറുത്തേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കാതെ വിഷയം മുന്നണി നേതൃത്വം കൈകാര്യംചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളംഉറ്റുനോക്കുന്നത്.പാർട്ടിയുടെ ഏക എം.എൽ.എയായ അഹമ്മദ് ദേവർകോവിലിന് രണ്ടര വർഷത്തേക്ക് നൽകിയ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനിടയില്ല. ഇക്കാര്യത്തിൽ സി.പി.എം – സി.പി.ഐ ഉഭയകക്ഷി ചർച്ച നിർണായകമാകും.
കൊച്ചിയിലെ സംഭവത്തിന് പിന്നാലെ സി.പി.എം ഉന്നത നേതാക്കൾ തമ്മിൽ അനൗപചാരികമായി ആശയവിനിമയം നടത്തിയിരുന്നു. പാർട്ടിയുടെ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം അടുത്ത ദിവസം വിഷയം ചർച്ച ചെയ്തേക്കും.ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കിടയിൽ ലീഗ് നേതൃത്വം അധീശത്വമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഐ.എൻ.എല്ലിനെ പാടേ തള്ളിപ്പറയാൻ സി.പി.എം നേതൃത്വം തയ്യാറായേക്കില്ല.പി.എസ്.സി അംഗത്വത്തിന് 40 ലക്ഷം കോഴ വാങ്ങിയെന്നതടക്കമുള്ള ആക്ഷേപം ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ നേരത്തേ വഹാബ് പക്ഷം ഉയർത്തിയിരുന്നു.