പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; റെക്കോർ‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം.

ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സയൻസ് വിദ്യാർത്ഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

സർക്കാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം. സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സർക്കാർ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പരീക്ഷ ഫലം വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി.