സൗദിയിൽ വാക്‌സിനെടുക്കാത്തവർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാനാവില്ല.
ആഗസ്റ്റ് ഒമ്പത് വരെ ഇളവ് നൽകും
ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതൽ പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ പൂർണമായും ശമ്പളത്തോടെ ഇത്തരത്തിൽ ‘വർക്ക് അറ്റ് ഹോം’ എന്ന സംവിധാനത്തിൽ ജോലി ചെയ്യാനുള്ള അവസരം ഈ മാസം ഒമ്പത് തിങ്കളാഴ്ച വരെ മാത്രമായിരിക്കും.
ഈ കാലയളവിനുള്ളിൽ തൊഴിലുടമ ഇവരോട് വാക്സിൻ കുത്തിവെപ്പെടുക്കാൻ ആവശ്യപ്പെടണം. എന്നാൽ വാക്‌സിനേഷന്‍ നടത്തിയില്ലെങ്കില്‍ ഈ മാസം ഒമ്പതിന് ശേഷം അത്തരക്കാർക്ക് നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ അവരുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കണം. അവർക്കർഹമായ വാർഷിക അവധി ദിനങ്ങൾ പൂർത്തിയായാൽ തൊഴിലുടമയും ജീവനക്കാരും പ്രത്യേകമായി വ്യവസ്ഥ ചെയ്‌തുകൊണ്ട് തുടർന്നും 20 ദിവസങ്ങൾ കൂടി അവർക്ക് അവധി എടുക്കാൻ തൊഴിലുടമക്ക് അനുവദിക്കാവുന്നതാണ്. എന്നാൽ വാര്‍ഷിക അവധി കഴിഞ്ഞുള്ള അവധി ദിനങ്ങൾക്ക് ശമ്പളം നൽകേണ്ടതില്ല. അവധി 20 ദിവസത്തിലധികമായാല്‍ അതോടെ വാക്സിനെടുക്കാത്ത ജീവനക്കാരുടെ തൊഴില്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കണക്കാക്കും.
സർക്കാർ ഓഫീസുകളിലെ ജീവനക്കാരാണ് വാക്സിൻ കുത്തിവെപ്പെടുക്കാത്തവരെങ്കിൽ അവരുടെ വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ജോലിക്ക് ഹാജരാകാത്തതിന്റെ പേരിൽ അവരുടെ ശമ്പളം ഒഴിവാക്കുക എന്നതായിരിക്കും രീതി. എന്നാൽ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ ബാധകമല്ലെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.