മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ

ആലുവ: തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മധ്യവയസ്കയുടെ വീടിന്‍റെ ഒരു ഭാഗത്ത് യുവതിയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു. മെഡിക്കൽ ഗോഡൗണിലാണ് രണ്ടു പേർക്കും ജോലിയെന്നാണ് പറഞ്ഞിരുന്നത്. വീട്ടുടമയുടെ വിശ്വാസം നേടിയെടുത്ത ശേഷം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രത്യേക വലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുമായി ലിബിന കടന്നുകളയുകയായിരുന്നു.

ആലുവയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണം കണ്ടെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐ എ.എം. ഷാഹി, സി.പി.ഒ മാരായ എ.എസ്. സൗമ്യ മോൾ, കെ.കെ. ഹബീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.