തൃത്താലയില്‍ വന്‍ സ്പിരിറ്റ് വേട്ട.

പാലക്കാട്: തൃത്താലയില്‍ വന്‍ സ്പിരിറ്റ് വേട്ട. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച 2450 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടില്‍ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ വിറക് പുരയില്‍ 70 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഒരു കന്നാസില്‍ 35 ലിറ്റര്‍ സ്പിരിറ്റാണുള്ളതെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.

പാലക്കാട് അണക്കപ്പാറയിലെ വ്യാജകള്ള് നിര്‍മാണ കേന്ദ്രത്തിലെ റെയ്ഡിന് ശേഷമുള്ള വലിയ കേസാണിത്. വ്യാജ കള്ള് നിര്‍മ്മിക്കാനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. റെയ്ഡിനെ തുടര്‍ന്ന് അജി ഒളിവില്‍ പോയി.ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അജിയുടെ പിതാവ് കൃഷ്ണന്‍കുട്ടിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അജിയുടെ വീട്ടില്‍ സ്പിരിറ്റ് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തുകയായിരുന്നു.

എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി ഐമാരായ അനില്‍കുമാര്‍, കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശെന്തില്‍, ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബിന്‍, രാജേഷ്, ഷംനാദ് , അഖില്‍, ബസന്ത്, മുഹമ്മദലി, ഡ്രൈവര്‍ രാജീവ് എന്നിവരാണ് റെയ്ഡ് നടത്തിയത്. തൃത്താല മേഖലയിലെ വിവിധ കള്ള് ഷാപ്പുകളിലേക്ക് സ്പിരിറ്റ് ചേര്‍ത്ത കള്ള് വിതരണം ചെയ്തിരുന്നോയെന്ന് അന്വേഷണ സംഘം പരിശോധിയ്ക്കും. രണ്ടു വര്‍ഷം മുന്‍പ് തൃത്താലയില്‍ നിന്നും സ്പിരിറ്റ് ചേര്‍ത്ത കള്ള് പിടികൂടിയിരുന്നു.