മെസ്സി ബാഴ്‌സലോണ വിട്ടു

ബാഴ്സലോണ: എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്‌സലോണ ഇന്ന് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ പുതുക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇതുവരെയും ബാഴ്‌സയില്‍ ചെലവഴിച്ച മെസ്സി തുടര്‍ന്നും കരാറിലേല്‍പ്പെടുമെന്നുതന്നെയാണ് ആരാധകരുള്‍പ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.

http://LATEST NEWS | Leo #Messi will not continue with FC Barcelona— FC Barcelona (@FCBarcelona) August 5, 2021′

എഫ്.സി ബാഴ്‌സലോണയും ലയണല്‍ മെസ്സിയും ഒരു ധാരണയിലെത്തിയിട്ടും, ഇന്നുതന്നെ കരാര്‍ പുതുക്കാനുള്ള വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നിട്ടും സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ (സ്പാനിഷ് ലീഗ് നിയന്ത്രണങ്ങള്‍) കാരണം അത് സാധ്യമായില്ല,’ ക്ലബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എഫ്.സി ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയില്‍ എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ്.സി ബാഴ്‌സലോണ വ്യക്തമാക്കി. പതിനെട്ട് വർഷത്തിനിടെ ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായി മെസ്സി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്‌സലോണയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്.