വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹെറോയിനുമായി രണ്ടുപേര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 53 കോടി രൂപ വിലമതിക്കുന്ന ഹെറോറിയിനുമായി രണ്ട് അഫ്ഗാനിസ്താന്‍ പൗരന്‍മാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. എട്ട് കിലോഗ്രാം ഹെറോയിനാണ് ഇവരില്‍നിന്നും പിടികൂടിയത്. ഷാംപൂ ബോട്ടിലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്ന നിലയിലായിരുന്നു മയക്കുമരുന്ന്. 30 കുപ്പി മുടിയുടെ നിറത്തിലും രണ്ട് കുപ്പി ഷാംപൂവിലും ഒളിപ്പിച്ചാണ് അവര്‍ മയക്കുമരുന്ന് കടത്തിയത്.

തെഹ്‌റാനില്‍നിന്നും ദുബയ് വഴിയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഈ അടുത്ത കാലത്തായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 2020 ഡിസംബറിനും ഈ വര്‍ഷം ജൂണിനുമിടയില്‍ 600 കോടിയിലധികം രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തതോടെ മയക്കുമരുന്ന് കടത്ത് കേസുകള്‍ പതിവായിട്ടുണ്ട്. ഇതേ കാലയളവില്‍ 14 കേസുകളിലായി 18 വിദേശികളും രണ്ട് ഇന്ത്യക്കാരും അറസ്റ്റിലായതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.