നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി
ദുബായ് ∙ യാത്രാവിലക്കിനെ തുടർന്നു നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി. ഒരു മാസത്തെ അധിക കാലാവധി ഉൾപ്പെടെ ഡിസംബർ 9 വരെയാണു പലർക്കും നീട്ടിക്കിട്ടിയത്. ഇതനുസരിച്ച് നവംബർ ഒൻപതിനകം ദുബായിലെത്തി പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാൽ മതിയെന്നാണു സൂചന.ഔദ്യോഗിക അറിയിപ്പില്ലാതെ ഇളവ് നൽകിയതിന്റെ അദ്ഭുതവും ആശ്വാസവും പങ്കുവയ്ക്കുകയാണു പ്രവാസികൾ. കഴിഞ്ഞദിവസം ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്)യിൽ പരിശോധിച്ചവർക്കാണു വീസ കാലാവധി നീട്ടിയതായി വ്യക്തമായത്. യാത്രയ്ക്കു മുൻപ് https://amer.gdrfad.gov.ae/visa-inquiry എന്ന സൈറ്റിൽ പരിശോധിച്ചാൽ താമസവീസയുടെ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ടോ എന്ന് അറിയാനാകും. മറ്റ് ചില എമിറേറ്റിലുള്ളവരുടെയും വീസ നീട്ടിക്കിട്ടിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എൻട്രി പെർമിറ്റുകാർക്കും പ്രവേശനാനുമതിതാമസവീസക്കാർക്ക് പുറമേ, എൻട്രി പെർമിറ്റ് മാത്രമുള്ളവർക്കും ദുബായിലേക്കു പ്രവേശിക്കാൻ അനുമതി നൽകി. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനത്തിൽ ഇവർക്ക് എത്താനാകും. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ദുബായിലേക്കു പ്രവേശിക്കാൻ ലഭിക്കുന്ന അനുമതി പത്രമാണ് എൻട്രി പെർമിറ്റ്. ഇവിടെയെത്തി മെഡിക്കൽ പരിശോധനയ്ക്കു ശേഷം പാസ്പോർട്ടിൽ ഇതു സ്റ്റാംപ് ചെയ്തു ലഭിക്കുന്നതോടെയാണ് താമസവീസയാകുന്നത്.
സന്ദർശക വീസക്കാർക്കും താമസിയാതെ പ്രവേശനം ലഭിക്കുമെന്നാണു സൂചന. യാത്രക്കാർ ജിഡിആർഎഫ്എയിൽ അപേക്ഷിച്ച് അനുമതി നേടിയിരിക്കണം. ഇതിനൊപ്പം 48 മണിക്കൂർ കാലാവധിയിലുള്ള ആർടിപിസിആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രയ്ക്ക് 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നടത്തിയ പിസിആർ ടെസ്റ്റ് ഫലവും നിർബന്ധമാണ്.