തദ്ദേശ ഉപതിരഞ്ഞെടുപ്പ് 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ്-8 യുഡിഎഫ്-7
തിരുവനന്തപുരം : സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചു. അതേ സമയം ആകെയുള്ള 15 സീറ്റുകളില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തുമാണ് ജയിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ 323 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം.
കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ ആണ് ഇവിടെ വിജയിച്ചത്.
സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് വിജയിച്ചത്.
നെടുമങ്ങാട് നഗരസഭയിലെ വലിയമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ വിദ്യാ ജയന്‍ 94 വോട്ടിനാണ് ജയിച്ചത്.
മലപ്പുറം തിരൂർ തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് സിപിഎം നിലനിര്‍ത്തി. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ ഒരു ദിവസം മുമ്പ് സിപിഎം സ്ഥാനാര്‍ഥി ഇവിടെ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി ഒമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണിത്. നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 168 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് ആറ് വോട്ടും കിട്ടി.
മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
വീര്‍പ്പാട് വാര്‍ഡില്‍ വിജയം നേടിക്കൊണ്ട് കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ഭരണത്തിലേറിയ എല്‍ഡിഎഫിന് വീര്‍പ്പാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.
എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 232 വോട്ടിനാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 15 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചിരുന്നത്.
വേങ്ങൂര്‍ പഞ്ചായത്തിലെ ചൂരത്തോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 19 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.പീറ്റര്‍ ജയിച്ചത്.
പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. 205 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയ് ഇവിടെ വിജയിച്ചത്.
കോഴിക്കോട് വളയം പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.