കരിപ്പൂർ സ്വർണ്ണക്കടത്ത്: രണ്ടുപേരെ മുംബൈയിൽനിന്നും അന്വേഷണ സംഘം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുക്കം കൊടിയത്തൂർ സംഘത്തിലെ രണ്ടുപേരെ മുംബൈയിൽനിന്നും അന്വേഷണ സംഘം പിടികൂടി. സഹോദരങ്ങളായ കൊടിയത്തൂർ സ്വദേശികളായ എല്ലേങ്ങൽ ഷബീബ് റഹ്മാൻ (26), മുഹമ്മദ് നാസ് (22) എന്നിവരാണ് ഒളിത്താവളത്തിൽ നിന്നും പിടിയിലായത്.
മസ്ജിദ് ബന്തർ എന്ന സ്ഥലത്ത് ചേരിയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ മറ്റൊരു സഹോദരനായ അലി ഉബൈറാനാണ് സ്വർണ്ണക്കടത്ത് മാഫിയയിലെ മുംബൈ സൗഹൃദം ഉപയോഗിച്ച് ഒളിത്താവളം ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വെള്ളിയാഴ്ച്ച പിടികൂടിയിരുന്നു. ഇതോടെ കൊടിയത്തൂർ സംഘത്തിൽ ഉൾപ്പെട്ട ഏഴ് പേരും രണ്ട് വാഹനങ്ങളും ഇതുവരെ പിടിയിലായി.
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 33 പേർ പിടിയിലായി. ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടക്കുന്നതായുള്ള ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചതോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു, വാഴക്കാട് എസ്.ഐ നൗഫൽ, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്,പി. സഞ്ജീവ്, എസ്.ഐ ബിജു, വി.കെ സുരേഷ്, രാജീവ് ബാബു, ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.