എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും
എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ യോടൊപ്പം നേരില്‍ കണ്ട് വിലയിരുത്തുകയായിരുന്നു മന്ത്രി. മേല്‍പ്പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മിക്കുന്നത്. കിഫ്ബി യില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം.
പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. 8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില് മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുട്പാത്തും നിര്‍മിക്കാനാണ് പദ്ധതി.തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്കാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.