Fincat

അക്കൗണ്ടുകളിലേക്ക് പണം വരുമെന്ന മോഡിയുടെ പ്രഖ്യാപനം നടപ്പാക്കിയത് എആര്‍ നഗര്‍ ബാങ്കിലൂടെ കുഞ്ഞാലിക്കുട്ടി; കെ.ടി.ജലീൽ

വേങ്ങര: ബാങ്ക് ഇടപാടില്‍ പലിശ കൈപ്പറ്റിയതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന മതനേതാക്കള്‍ അഭിപ്രായം പറയണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് മുന്‍ സെക്രട്ടറിയാണ്. നിരവധി ബിനാമി അക്കൗണ്ടുകളുടെ പലിശയും, പലിശ വാങ്ങാത്ത കോടിക്കണക്കിന് നിക്ഷേപങ്ങളുടെ പലിശയും വ്യാജ അക്കൗണ്ടുകള്‍ വഴി കുഞ്ഞാലിക്കുട്ടിയും സംഘവും അടിച്ചു മാറ്റുകയാണെന്നും ഡോ.കെ.ടി.ജലീല്‍ ആരോപിച്ചു.

എആര്‍ നഗര്‍ സഹകരണ ബാങ്കിന് മുമ്പില്‍ സിപിഎം നടത്തുന്ന റിലേ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കൗണ്ട് ഉടമകള്‍ അറിയാതെ പണം നിക്ഷേപിക്കുന്നു. അക്കൗണ്ടുകളിലേക്ക് പണം വരുമെന്ന മോഡിയുടെ പ്രഖ്യാപനം നടപ്പാക്കിയത് എആര്‍ നഗര്‍ ബാങ്കിലൂടെ കുഞ്ഞാലിക്കുട്ടിയാണെന്ന് അദ്ദേഹം പരിഹസിച്ചു. വായ്പ അനുവദിച്ചതിനെ കുറിച്ചും പരിശോധിക്കണം.

ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി 50 ലക്ഷമാണ് കഴിഞ്ഞ വര്‍ഷം വായ്പ വാങ്ങിയത്. ഏറ്റവും വലിയ സഹകരണ തട്ടിപ്പാണ് എആര്‍ നഗറില്‍ നടന്നത്. എത്ര ഒളിപ്പിച്ചാലും വിടാതെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.പാറമ്മല്‍ അഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. വേലായുധന്‍ വള്ളിക്കുന്ന്, ടി.പ്രഭാകരന്‍, എം.കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.മനോജ് മാസ്റ്റര്‍, ഇ.വാസു എന്നിവര്‍ പ്രസംഗിച്ചു. ബുധനാഴ്ച കുന്നുംപുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കും.