മാരക മയക്കുമരുന്നുമായി യുവതി പിടിയിലായ സംഭവത്തിൽ കൂട്ടാളികളെ തേടി അന്വേഷണസംഘം
കോഴിക്കോട്: നഗരപരിധിയിലെ ഫ്ലാറ്റിൽനിന്ന് മാരക മയക്കുമരുന്നുമായി യുവതി പിടിയിലായ സംഭവത്തിൽ കൂട്ടാളികളെ തേടി അന്വേഷണസംഘം. തിങ്കളാഴ്ച മാങ്കാവിലെ ഫ്ലാറ്റില്‍നിന്ന് 25 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കരുവന്തിരുത്തി സ്വദേശിനി റജീനയുടെ കൂട്ടാളികളായ രണ്ടു യുവാക്കളെയാണ് അന്വേഷണസംഘം തിരയുന്നത്. ഇവരാണ് മയക്കുമരുന്ന് വിൽപനയുടെ ഏജന്റ്മാരായി പ്രവർത്തിച്ചത് എന്നാണ് വിവരം.
ഇരുവരെയും സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിട, ഇടപാട് എന്നിവയടക്കമുള്ള വിവരങ്ങൾക്കായി ആവശ്യമെങ്കിൽ റജീനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംെചെയ്യും. അരഗ്രാം എം.ഡി.എം.എ കൈവശം വെക്കുന്നതുപോലും ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നിരിക്കെ ഇത്രയുമധികം ലഹരിവസ്തു എങ്ങനെ ഇവർക്ക് ലഭിച്ചു എന്നതടക്കം പരിശോധിച്ചുവരുകയാണ്.
നാല് ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടിയില്‍ പിടിയിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് റജീനയില്നിന്നാണ് ലഹരിമരുന്ന് വാങ്ങുന്നതെന്ന വിവരം ലഭിച്ചത്. തുടർന്നാണ് പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്പക്ടര്‍ സാബു ആര്. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം മാങ്കാവിലെ ഫ്ലാറ്റിലെത്തി ഇവരെ ലഹരിവസ്തു സഹിതം അറസ്റ്റുചെയ്തത്.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നവരിൽ പ്രധാനിയാണ് റജീനയെന്നും ഏറെക്കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു എന്നുമാണ് ലഭ്യമായ വിവരം. ഇവരുടെ മൊബൈൽ ഫോൺ കോൾ വിവരങ്ങളടക്കം പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറത്തെ എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്തി.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണമായതിനാല്‍ ഇവിടുത്തെ എക്സൈസിന്റെ സേവനവും പ്രയോജനപ്പെടുത്തും. കഴിഞ്ഞയാഴ്ച മാവൂർ റോഡിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം എട്ടുപേർ പിടിയിലായിരുന്നു. ഇരു സംഘങ്ങൾക്കും പരസ്പര ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.