കുടുംബമെന്ന് പറഞ്ഞ് യാത്ര; കൊച്ചിയിലെ ലഹരിസംഘം പിടിയിൽ

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് പിടിയിലായ ലഹരിമാഫിയ സംഘം കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത് അതിവിദഗ്ധമായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും പോലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാന്‍ കുടുംബമെന്ന രീതിയിലാണ് പ്രതികള്‍ യാത്ര ചെയ്തിരുന്നതെന്നും ഇതിന് മറയായി മുന്തിയ ഇനം വിദേശനായ്ക്കളെ ഇവര്‍ ഉപയോഗിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും വ്യാഴാഴ്ച രാവിലെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് അഞ്ചംഗസംഘത്തെ സംഘത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ഷബ്‌ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്‌സല്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന എം.ഡി.എം.എ ലഹരിമരുന്നും ഒരുകാറും പിടിച്ചെടുത്തിരുന്നു. മൂന്ന് വിദേശ നായ്ക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എറണാകുളത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് എക്‌സൈസ് നല്‍കുന്നവിവരം. ചെന്നൈയില്‍നിന്ന് ആഡംബരകാറിലാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. പരിശോധനകളില്‍ സംശയം തോന്നാതിരിക്കാന്‍ സ്ത്രീകളെയും ഉപയോഗപ്പെടുത്തി. കുടുംബമെന്ന രീതിയില്‍ നായ്ക്കളുമായി കാറില്‍ യാത്ര ചെയ്യുന്നതിനാല്‍ പരിശോധനകളിലൊന്നും പിടിക്കപ്പെട്ടിരുന്നില്ല.

റോട്ട് വീലര്‍, ഡോബര്‍മാന്‍ തുടങ്ങിയ ഇനം നായ്ക്കളെയാണ് സംഘം വളര്‍ത്തിയിരുന്നത്. ലഹരിമരുന്ന് കടത്തിനുള്ള മറയായും ഇവയെ ഉപയോഗിച്ചു. കേരളത്തിന് പുറത്തുനിന്ന് നായ്ക്കളെ വാങ്ങിവരികയാണെന്നും ഇവര്‍ ചെക്ക്‌പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ എത്തിക്കുന്ന ലഹരിമരുന്ന് കൊച്ചി നഗരത്തിന് പുറമേ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും വിതരണം ചെയ്തിരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മാസങ്ങളായി തുടര്‍ന്ന ലഹരിക്കടത്തിന് വ്യാഴാഴ്ച രാവിലെയോടെ ഉദ്യോഗസ്ഥര്‍ പൂട്ടിടുകയായിരുന്നു.

ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍, ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണ കുമാര്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക്.വി, കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്പെക്ടര്‍മാരായ റെമീസ് റഹിം, ഷിനുമോന്‍ അഗസ്റ്റിന്‍, ലിജിന്‍ കമാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബസന്ത് കുമാര്‍, അരുണ്‍കുമാര്‍, അനൂപ് ഡ്രൈവര്‍ ശ്രാവണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.