ജയിലിൽ കൊടി സുനിയിൽ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചു
തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതി കൊടിസുനിയുടെ വിയ്യൂർ സെൻട്രൽ ജയിലിലെ സെല്ലിൽ നിന്ന് സ്മാർട്ട് ഫോണും സിമ്മും കഞ്ചാവും പിടി കൂടി. ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണിത്. കത്രിക, മൊബൈൽ ചാർജർ, ട്രിമ്മർ, ബ്ലേഡ് എന്നിവയും പിടി കൂടിയിരുന്നു.
നേരത്തെയും കൊടി സുനിയും ടി.പി കേസിലെ പ്രതികളും ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നത് കണ്ടെത്തിയിരുന്നു. ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കുന്ന കൊടിസുനിക്ക് ഇവ എവിടെ നിന്ന് കിട്ടിയെന്നത് സംബന്ധിച്ച് ജയിലധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിയ്യൂർ പൊലീസും അന്വേഷണം തുടങ്ങി. ജയിലിലെത്തി പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ആർക്കാണ് ഫോൺ ചെയ്തതെന്ന് വ്യക്തമാക്കാൻ ജയിലധികൃതരും പൊലീസും തയ്യാറായില്ല. കൊവിഡ് കാലമായതിനാൽ പ്രതികളെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല.
അതീവ സുരക്ഷാ
ജയിലിലേക്ക്
മൊബൈൽ ഫോണടക്കം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൊടി സുനിയെ വിയ്യൂർ സെൻട്രൽ ജയിലിന് അടുത്തുള്ള അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. . ഹൈടെക്ക് സെല്ലിൽ കാമറ ഉൾപ്പടെയുള്ള നിരീക്ഷണ സംവിധാനമുണ്ട്.
മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനയ്‌ക്കെത്തിയ ജയിലധികൃതരെ കൊടി സുനി ഭീഷണിപ്പെടുത്തി. തുടർന്ന് ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷമാണ് കീഴ്‌പ്പെടുത്തി വസ്തുക്കൾ കണ്ടെത്തിയത്. തൊട്ടടുത്തുള്ള സെല്ലുകളിലെ തടവുകാരും ജയിലധികൃതർക്കെതിരെ രംഗത്ത് വന്നതായി പറയുന്നു.