കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ; കൂടുതൽ നിയന്ത്രണങ്ങളില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമെടുത്തത്. ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ തന്നെ പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിലും മാറ്റമില്ല. അടുത്ത ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്ന പൊതു തീരുമാനമാണ് അവലോകന യോഗത്തിൽ കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 18 ശതമാനത്തിന് മുകളിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതും കേരളത്തിലാണ്.