പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി
കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി. പ്രാഥമിക അന്വേഷണമാണ് പൂർത്തിയായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ് അഡിഷണൽ കമ്മിഷണർ അബ്ദുൾ റാഷി അറിയിച്ചു.
കൊച്ചിയിൽ ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികൾക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്‍റെ രണ്ടാം എഫ്ഐആറിലുള്ളത്. ഇത് പുറത്ത് വന്നതോടെയാണ് അട്ടിമറി ശ്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത്.
പ്രതികൾക്കൊപ്പം പിടികൂടി വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കസ്റ്റംസ്, എക്സൈസ് സംയുക്ത പരിശോധനയ്ക്ക് മുൻപായിരുന്നു സംഭവം. കൂടാതെ സംയുക്ത റെയ്ഡിനിടെ പ്രതികളിൽ ഒരാളായ ഷബ്നയുടെ ബാഗിൽ നിന്ന് മാൻ കൊമ്പ് കണ്ടെത്തിയിരുന്നു. ഇത് എക്സൈസ്സ് ജില്ലാ ടീമിന് മയക്കുമരുന്നിനൊപ്പം കൈമാറി. എന്നാൽ പിന്നീട് മഹസറിലോ, എഫ് ഐ ആറിലോ ഇതേകുറിച്ച് ഒന്നും പറയുന്നില്ല. ആവിയായ ആ മാൻ കൊമ്പ് എവിടേക്ക് മാറ്റി എന്നതിലും ഉത്തരമില്ല. ഇതെല്ലാമാണ് അട്ടിമറി സൂചനയിലേക്ക് വിരൽ ചൂണ്ടുന്നത്.
കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടിയത്. അറസ്റ്റിലായ ഷ്ബനയാണ് ഇതിലൊരാൾ. കൂടെയുള്ള യുവതി എക്സൈസ് ചോദ്യം ചെയ്യാതെ വിട്ടയച്ച അമ്പലപ്പുഴ സ്വദേശിനിയാണെന്നാണ് സൂചന.