വി ഭവൻ ആപ്ലിക്കേഷനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; സാധനങ്ങൾ ഇനി വീട്ടിലെത്തും
കൊച്ചി: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.
വി ഭവൻ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഡെലിവറി സംവിധാനം വഴി സാധനങ്ങൾ വീട്ടിലെത്തുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം.
സ്വന്തം പരിസരത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നും സാധനങ്ങൾ വാങ്ങാൻ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. 10 കുറിയർ കമ്പനികളും സേവനത്തിന്റെ ഭാഗമാണ്. 12 ലക്ഷം കച്ചവടക്കാർ സംവിധാനത്തിന്റെ ഭാഗമാകും എന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടൽ.