വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം, കൈയില്‍ കടിച്ച് പെണ്‍കുട്ടി രക്ഷപ്പെട്ടു; പ്രതി അറസ്റ്റിൽ

രാജാക്കാട്: ബൈസണ്‍വാലി ഇരുപതേക്കറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.

ഓഗസ്റ്റ് 15-നാണ് സംഭവം. ബൈസണ്‍വാലി-ഇരുപതേക്കറിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കടന്നുചെന്ന പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളുടെ കൈയില്‍ കടിച്ചതിനുശേഷം അയല്‍വീട്ടില്‍ അഭയം തേടി. അന്നുതന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു.

പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണ് എന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത് എത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.