തീരദേശങ്ങളിൽ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍

ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിൽ. നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചാവക്കാട്ട് നിന്നും മൂന്ന് കിലോ ഹാഷീഷ് ഓയില്‍ പിടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷറഫുദ്ദീൻ.

കേസിലെ മുഖ്യപ്രതിയെ അന്ന് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇതരസംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഷറഫുദ്ദീൻ പിടിയിലായത്.

തമിഴ്‌നാട്, ഒഡീഷ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി എം.ഡി.എം.എ., ഹാഷിഷ് ഓയില്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളെത്തിച്ച് തീരദേശത്തു കച്ചവടം നടത്തുന്നതാണ് ഷറഫുദ്ദീന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയി്ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.