സുധാകരനും സതീശനും തീരുമാനിക്കും, കോൺഗ്രസിൽ സംഭവിക്കുന്നത് ഇതുവരെ കാണാത്ത കാര്യങ്ങൾ
തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ പട്ടിക കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമായി. പതിറ്റാണ്ടുകളോളം കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നെടുംതൂണുകളായി നിന്ന് നയിച്ച ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിടി അയയുന്നു. നേരത്തേ പ്രതിപക്ഷ നേതാവിനെയും കെ പി സി സി അദ്ധ്യക്ഷനെയും തിരഞ്ഞെടുത്തപ്പോൾ ഇത് ഏറക്കുറെ വ്യക്തമായിരുന്നതാണ്. ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോൾ അത് മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. ഇനി പാർട്ടി സുധാകരൻ – സതീശൻ അച്ചുതണ്ടിന് ചുറ്റും കറങ്ങും. കെ കരുണാകരനും എ കെ ആന്റ്ണിയും സംസ്ഥാനത്തെ പാർട്ടിയെ നയിച്ചപ്പോഴും സുപ്രധാന തീരുമാനങ്ങളിൽ പലതും എടുത്തിരുന്നത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായിരുന്നു.
പാർട്ടിയുടെ പല തീരുമാനങ്ങളിലും ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതും അത് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചതുമാണ്. എന്നാൽ അവിടെയും കാര്യമായ പരിഗണന കിട്ടിയില്ല. അതിൽ ഇരുവർക്കും കടുത്ത അമർഷവും ഉണ്ട്. പക്ഷേ, പരസ്യമായി പ്രകടിപ്പിക്കാൻ തയ്യാറല്ല എന്നുമാത്രം. ഇനി സമ്മര്‍ദ്ദം ഫലിക്കില്ല, നടക്കില്ല എന്നുള്ള സതീശന്റെ വാക്കുകൾ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കൃത്യമായ മുന്നണിയിപ്പാണ്. മാത്രമല്ല ഹൈക്കമാൻഡിൽ കാര്യമായ സ്വാധീനമുളള കെ.സി. വേണുഗോപാലിന്റെ ആശിര്‍വാദവും സുധാകരനും സതീശനുമുണ്ട്. കേരളത്തിലെ പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ അറിവോടെയാണ്.
ഡി സി സി അദ്ധ്യക്ഷന്മാരായി ഉമ്മൻചാണ്ടി നിർദ്ദേശിച്ച പല പേരുകളും നേതൃത്വം തള്ളുകയും ചെയ്തു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞ ഫില്‍സണ്‍ മാത്യൂസിന് സ്ഥാനം നൽകിയില്ല. പകരം നാട്ടകം സുരേഷിന് നറുക്കുവീഴുകയും ചെയ്തു. സുരേഷിന്റെ പേരും ഉമ്മൻചാണ്ടി നിർദ്ദേശിച്ചിരുന്നെങ്കിലും തിരുവഞ്ചൂരുമായാണ് സുരേഷിന് കൂടുതൽ അടുപ്പം. കെ മുരളീധരനും, പി ജെ കുര്യനും, കൊടിക്കുന്നിൽ സുരേഷിനും വരെ ഓരോരുത്തരെ അദ്ധ്യക്ഷന്മാരായി അവരോധിക്കാനായപ്പോഴാണ് ഉമ്മൻചാണ്ടിയുടെ ഈ ദുർഗതി.
ചെന്നിത്തലയ്ക്കാണ് ഏറെ നഷ്ടം. ഒപ്പമുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ കൂടെയില്ല. അവരെല്ലാം സ്വന്തം സ്ഥാനംനോക്കി സുധാകര പക്ഷത്തും മറ്റുമൊക്കെ ചേർന്നു. ചെന്നിത്തലയോട് സതീശൻ ശരിക്കും പകരം വീട്ടുകയാണ് എന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. 2011-ല്‍ മന്ത്രി സഭയിൽ സ്ഥാനം ഉറപ്പിച്ചിരുന്ന സതീശനെ ചെന്നിത്തല വെട്ടിമാറ്റുകയായിരുന്നു എന്നായിരുന്നു അടക്കം പറച്ചിലുകൾ. അതിനുള്ള പ്രതികരാമാണത്രേ ഇപ്പോൾ വീട്ടുന്നത്.
പൊട്ടിത്തെറിയും പൊട്ടിക്കരച്ചിലും കോൺഗ്രസിൽ പുതുമയുളള കാര്യമേ അല്ല. സ്ഥാനം കിട്ടാത്തവർ നേതൃത്വത്തിനെതിരെ രംഗത്തുവരും. വായിൽ തോന്നിയതെൊക്കെ വിളിച്ചുപറയും.ദിവസങ്ങൾ കഴിയുമ്പോൾ ഇവർക്ക് എന്തെങ്കിലും സ്ഥാനം നൽകും. അതോടെ അതുവരെയുള്ള കാര്യങ്ങൾ എല്ലാം മറക്കും. പക്ഷേ, ഇനിമുതൽ ആ പതിവ് കോൺഗ്രസിൽ ഇല്ലെന്നതിന്റെ വ്യക്തമായ സൂചനയും ലഭിച്ചു കഴിഞ്ഞു. ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് അല്പസമയം കഴിഞ്ഞപ്പോൾ തന്നെ തലമുതിർന്ന നേതാക്കളായ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും സസ്പെൻഡുചെയ്തു. സ്ഥാനം ലഭിക്കാത്തിന്റെ പേരിലുള്ള പൊട്ടിത്തെറി മുന്നിൽ കണ്ട് സുധാകരൻ കൈക്കൊണ്ട ഒരു സമർത്ഥമായ നീക്കമായിരുന്നു അത്. പരസ്യപ്രതികരണത്തിന് ഏത്ര വലിയ നേതാക്കൾ ശ്രമിച്ചാലും ഇതായിരിക്കും അവസ്ഥ എന്ന് മനസിലാക്കിക്കൊടുക്കുകയായിരുന്നു. പാർട്ടിയിൽ നിൽക്കുന്നവർക്ക്: നേതൃത്വത്തെ അനുസരിച്ച് നിൽക്കാം. അല്ലാത്തവർക്ക് പുറത്തേക്കുപോകാം എന്ന ശക്തമായ മുന്നറിയിപ്പാണ് നടപടികളിലൂടെ സുധാകരൻ നൽകുന്നത്.