മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് പാർട്ടി വിട്ടു

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയാണ് ഒടുവിൽ ഗോപിനാഥിന്റെ രാജിയിൽ കലാശിച്ചത്. വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം.

15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വർഷം കേരളത്തിലെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിർത്താൻ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാൻ സാധിച്ചു. ഗോപിനാഥ് പറഞ്ഞു.

പാർട്ടിയിൽ കണ്ടു വരുന്ന സംഭവങ്ങളും സംഭവ വികാസങ്ങളും വർഷങ്ങളായി മനസ്സിനെ വേദനിപ്പിക്കുകയും പോരാട്ടങ്ങളെ മനസ്സിനെ വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്. പലപ്പോഴും എങ്ങനെ മുമ്പോട്ട് കഴിയും എന്ത് ചെയ്യും എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആശയ സംഘട്ടനങ്ങള്‍ ഹൃദയത്തിനകത്ത് നടന്നു വരികയാണ്. എന്നെങ്കിലും ഈ വിഷയങ്ങൾക്കെല്ലാം ഒരു പരിഹാരം കണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ മനസ്സിനകത്ത് ഉണ്ടായിരുന്ന ഒരു കോൺഗ്രസ് ഞങ്ങളുടെയെല്ലാം സ്വപ്നമായിരുന്നു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ കോൺഗ്രസിനും കോൺഗ്രസിന്റെ നേതാക്കന്മാർക്കും ഉയരാൻ കഴിയില്ല എന്നുള്ള ഒരു ചിന്ത പാർട്ടി പ്രവർത്തകരുടെ മനസ്സിനകത്ത് വന്ന് ചേർന്നാൽ നമുക്ക് ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരം ഒരു ചിന്ത പാർട്ടി പ്രവർത്തകനായ എന്നിലും കൂടിയാൽ എന്നെ കുറ്റപ്പെടുത്താൻ സാധിക്കില്ല. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടക്കുന്നതിനേക്കാളുപരി എവടെയെങ്കിലും വെച്ച് അവസാനിപ്പിക്കാൻ മനസ്സ് പലതവണയായി മന്ത്രിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ നിമിഷം മുതൽ കോൺഗ്രസുകാരൻ അല്ലാതായി മാറിയിരിക്കുന്നുവെന്നും നിലവിൽ മറ്റു പാർട്ടിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.