സ്വര്‍ണ നിധി തട്ടിപ്പ്: മൂന്നു പേര്‍ പോലീസിന്റെ പിടിയില്‍.
തൃശൂര്‍: വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോള്‍ അതില്‍ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വില്‍പ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദ് ശാന്തിനഗര്‍ സ്വദേശി ശങ്കര്‍ (34), ഗുജറാത്ത് അഹമ്മദാബാദ് ടക്ക നഗര്‍ സ്വദേശി രാജു (30), മൈസൂര്‍ മാണ്ഡ്യ നഗറില്‍ ഇപ്പോള്‍ താമസിക്കുന്ന ഗിരിപ്പട്ട വിനോദ് (35) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. നിധികിട്ടിയതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനുപയോഗിക്കുന്ന രണ്ട് കിലോഗ്രാം തൂക്കമുള്ള വ്യാജ സ്വര്‍ണമാലയും ഇവരില്‍ നിന്നും കണ്ടെടുത്തു.
തട്ടിപ്പ് ഇങ്ങനെ:
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ചെറുസംഘങ്ങളായി തിരിഞ്ഞ് തട്ടിപ്പ് നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി, ഒന്നോ രണ്ടോ ദിവസം താമസിച്ച് പരിസരങ്ങള്‍ വീക്ഷിക്കുന്നു. തങ്ങള്‍ക്ക് തട്ടിപ്പ് നടത്തുന്നതിന് അനുയോജ്യമായ ഇരയെകണ്ടെത്തുന്നതിനുവേണ്ടി ചെറിയ കച്ചവട സ്ഥാപനങ്ങളും കടകളുമാണ് തിരഞ്ഞെടുക്കുന്നത്. പരിചയപ്പെടുന്നതിനും വിശ്വാസത്തില്‍ എടുക്കുന്നതിനും വേണ്ടി, ഇരയുടെ സ്ഥാപനത്തില്‍ അല്‍പ്പസമയം ചിലവഴിക്കുകയും, വിലകുറഞ്ഞ എന്തെങ്കിലും സാധനങ്ങള്‍ പണം നല്‍കി വാങ്ങിക്കുകയും ചെയ്യും. കടയുടമ ഇവരുമായി സംസാരിക്കുന്നതിനിടയില്‍ വളരെ അനുനയത്തില്‍ രഹസ്യമായി ഒരു കാര്യം പറയാനുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കും.
ഉത്തരേന്ത്യയിലെ തങ്ങളുടെ സ്വന്തം സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ ഒരു കുടം നിറയെ നിധി ലഭിച്ചു എന്നും, സ്വര്‍ണാഭരണങ്ങളും, സ്വര്‍ണ നാണയങ്ങളും ഉണ്ട് എന്നും തങ്ങളുടെ സ്വന്തം നാട്ടില്‍ ഇവ വില്‍ക്കുവാന്‍ പറ്റില്ലെന്നും, അവിടെ വില്‍പ്പന നടത്തിയാല്‍ ഗവണ്‍മെന്റും പോലീസും പിടികൂടുമെന്നും, അതിനാലാണ് ഇവിടെ വില്‍പ്പന നടത്തുന്നതിന്റെ ആവശ്യത്തിലേക്ക് വന്നതെന്നും, വില്‍പ്പന നടത്തുന്നതിന് സഹായിക്കാമോ എന്നും മറ്റും ചോദിക്കുന്നു. അതിനുശേഷം വളരെ രഹസ്യമായി നിധികിട്ടിയതെന്ന് പറയുന്ന സ്വര്‍ണമാല രഹസ്യമായി കാണിച്ചു കൊടുക്കുന്നു.
ഇര തട്ടിപ്പുകാരുടെ വലയില്‍ വീണു എന്ന് തോന്നുന്നതോടെ സ്വര്‍ണമാലയില്‍ നിന്നും ഒരു ചെറിയ കഷണം സ്വര്‍ണം പൊട്ടിച്ചെടുത്ത്, പരിശോധന നടത്തുന്നതിനും ശുദ്ധ സ്വര്‍ണമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രം ഇടപാടുകള്‍ നടത്തിയാല്‍ മതിയെന്നും പറയുന്നു. മാത്രവുമല്ല, ഇത് വില്‍പ്പന നടത്തിത്തന്നാല്‍ മതിയായ ലാഭം നല്‍കാം എന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവരെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും നല്‍കുന്നു.
തട്ടിപ്പുകാര്‍ നല്‍കിയ സ്വര്‍ണ സാമ്പിള്‍ ഇടപാടുകാരന്‍, പരിശോധിക്കുമ്പോള്‍ അത് ശുദ്ധ സ്വര്‍ണമാണെന്ന് മനസ്സിലാകുന്നു. ഈ ഇടപാടു നടത്തിയാല്‍ തനിക്ക് ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാരന്‍ തട്ടിപ്പുകാര്‍ നല്‍കിയ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട് ഡീല്‍ ഉറപ്പിക്കുന്നതിനായി അവരെ വിളിക്കുന്നു. സ്വര്‍ണ്ണമാല തരണമെങ്കില്‍ 5 ലക്ഷമോ അതിലധികമോ പണം അഡ്വാന്‍സ് തരണമെന്നും, തങ്ങള്‍ക്ക് ദൈവം നല്‍കിയ നിധിയാണിതെന്നും, ഇതില്‍ നിന്നും കച്ചവടക്കാരന് വലിയ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രണ്ട് കിലോഗ്രാമിലധികം തൂക്കം വരുന്ന നിധിയുടെ വിപണി മൂല്യം നോക്കിയാല്‍ ലക്ഷങ്ങളുടെ വിലയാണ് ഉണ്ടാവുക. മാത്രവുമല്ല, ഇടപാടില്‍ നല്ല ലാഭം മനസ്സിലാക്കിയ കച്ചവടക്കാരന്‍ എവിടെ നിന്നെങ്കിലും പണം തരപ്പെടുത്തി, തട്ടിപ്പുകാര്‍ക്ക് കൈമാറുകയും അവരില്‍ നിന്നും സ്വര്‍ണ്ണ മാല സ്വീകരിക്കുകയും ചെയ്യും. തട്ടിപ്പുക്കാര്‍ക്ക് രണ്ടോ മൂന്നോ ലക്ഷം രൂപ നല്‍കിയാലും അവര്‍ ഇടപാടു നടത്തും. ബാക്കി പണം വാങ്ങാന്‍ പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് പോകുകയും ചെയ്യും. ഇതിനുശേഷം സ്വര്‍ണമാല കച്ചവടക്കാരന്‍ വില്‍ക്കുവാന്‍ നോക്കുകയോ, പരിശോധിക്കുമ്പോഴോ അതില്‍ സ്വര്‍ണത്തിന്റെ ഒരു അംശം പോലും ഉണ്ടാകുകയില്ല. താന്‍ ചതിക്കപ്പെട്ടു എന്ന് കച്ചവടക്കാരന് മനസ്സിലാകുമ്പോഴേക്കും തട്ടിപ്പുകാര്‍ സ്ഥലം വിട്ടിട്ടുണ്ടായിരിക്കും. മാത്രവുമല്ല, ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ വ്യാജവുമായിരിക്കും.
തട്ടിപ്പിനു മുന്നോടിയായി മികച്ച തയ്യാറെടുപ്പ്:
തട്ടിപ്പു നടത്തുന്നതിനും ഇരയെ കണ്ടെത്തുന്നതിനും ഇവര്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തേടി ദിവസങ്ങളോളം ഇവര്‍ തയ്യാറെടുപ്പ് നടത്തും. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം, നിരന്തരം നിരീക്ഷിച്ച ശേഷം പരിസരങ്ങളിലൊന്നും സിസിടിവി ക്യാമറകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തും. ഇടപാടുകാരനെ നിരീക്ഷിക്കുകയും അയാളുടെ സ്വഭാവ സവിശേഷതകള്‍ വിലയിരുത്തിയ ശേഷവും തങ്ങള്‍ക്ക് വിശ്വസിക്കാം എന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ ഇവര്‍ തട്ടിപ്പിന് വേണ്ടി അയാളെ തിരഞ്ഞെടുക്കാറുള്ളൂ. തങ്ങള്‍ കൊണ്ടുവരുന്ന സ്വര്‍ണം മറ്റുള്ളവര്‍ക്ക് കാണിച്ചു നല്‍കരുതെന്നും അങ്ങിനെയാണെങ്കില്‍ ലാഭവിഹിതം നഷ്ടപ്പെടുമെന്നും കച്ചവടക്കാരനോട് പറയും. വളരെ സൌമ്യമായാണ് ഇവരുടെ സംസാര രീതി. തങ്ങള്‍ വളരെ സാധുക്കളാണെന്നും, ദൈവം തന്ന നിധിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നതില്‍ ഇവര്‍ക്ക് അപാര വാക് ചാതുരിയാണുള്ളത്. ഡീല്‍ ഉറപ്പിച്ച് പോകുമ്പോള്‍ ഇടപാടുകാരന്റെ കാലില്‍ തൊട്ട് വന്ദിക്കാറുപോലുമുണ്ട്.
അറസ്റ്റ് തൃശൂര്‍ സ്വദേശിയായ കച്ചവടക്കാരന്റെ പരാതിയില്‍:
തൃശൂര്‍ സ്വദേശിയായ ഒരാളുടെ പരാതിയിലാണ് തട്ടിപ്പുകാര്‍ ഷാഡോ പോലീസിന്റെ വലയിലായത്. കച്ചവടക്കാരനായ ഇയാളെ വിശ്വാസത്തിലെടുത്ത ശേഷം നിധി ലഭിച്ച സ്വര്‍ണാഭരണം കാണിച്ചുനല്‍കുകയും ഡീല്‍ ഉറപ്പിക്കുകയും ചെയ്തു. ഇടപാടില്‍ സംശയം തോന്നിയ കച്ചവടക്കാരന്‍ പോലീസിനെ സമീപിക്കുകയും ചെയ്തു. സമാനമായ തട്ടിപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നിട്ടുണ്ടെന്നും, ഇത് തട്ടിപ്പാണെന്ന് കച്ചവടക്കാരനെ പോലീസ് ബോധ്യപ്പെടുത്തി. തുടര്‍ന്ന് കച്ചവടക്കാരന്‍ ഇവരെ തന്ത്രപൂര്‍വ്വം ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയില്‍ പലരും പെട്ടുപോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഓ പി. ലാല്‍കുമാര്‍ അറിയിച്ചു.