അനാഥ പെണ്‍കുട്ടിയെ യുഎഇയിൽ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷക്കപ്പെട്ട എല്ലാവരും ഏഷ്യക്കാരായ പ്രവാസികളാണ്. മനുഷ്യക്കടത്ത്, വ്യാജ രേഖകളുണ്ടാക്കല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
പ്രതികളായ മറ്റൊരു സ്‍ത്രീക്കും പുരുഷനും ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ആറാം പ്രതിക്ക് ആറ് മാസം തടവും ദുബൈ അപ്പീല്‍ കോടതി വിധിച്ചു. വ്യാജ രേഖകളുണ്ടാക്കി വയസ് തിരുത്തി പാസ്‍പോര്‍ട്ട് സംഘടിപ്പിച്ച ശേഷം പെണ്‍കുട്ടിയെ യുഎഇയിലേക്ക് കൊണ്ടുവന്നുവെന്നും രാജ്യത്ത് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് നിര്‍ബന്ധിച്ചുവെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
കേസിലെ അഞ്ചാം പ്രതിയായ സ്‍ത്രീയാണ് തന്റെ മാതൃരാജ്യത്ത് വെച്ച് ആദ്യം പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. അനാഥയാണെന്ന് മനസിലാക്കിയതോടെ യുഎഇയിലേക്ക് കൊണ്ടുപോകാമെന്നും അവിടെ വീട്ടുജോലി ചെയ്യാമെന്നും കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് യുഎഇയിലെത്തിയ പെണ്‍കുട്ടിയെ സംഘത്തിലെ രണ്ട് പേര്‍ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു അപ്പാര്‍ട്ട്മെന്റിലേക്കായിരുന്നു തന്നെ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
അപ്പാര്‍ട്ട്മെന്റില്‍ വെച്ച് സംഘത്തിലെ ഒരാള്‍ ലൈംഗിക പീഡനത്തിനിരയാക്കി. മാനസികമായി തകര്‍ന്ന താന്‍ കരയുകയും അവിടെ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്‍തു. ഇതോടെ നാട്ടില്‍ നിന്ന് തന്നെ പരിചയപ്പെട്ട സ്‍ത്രീ സ്ഥലത്തെത്തി മര്‍ദനം തുടങ്ങി. തുടര്‍ന്ന് അവിടെ നിന്ന് മറ്റൊരു അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പ്രതികളിലെ മറ്റൊരാളും പീഡിപ്പിച്ചു. പിന്നീട് ഒരു പ്രവാസി കുടുംബത്തോടൊപ്പം വീട്ടുജോലിക്കായി നിയമിച്ചു.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നിശ്ചയിച്ച് രണ്ട് മാസം അവിടെ ജോലി ചെയ്‍തെങ്കിലും പണം മുഴുവന്‍ പ്രതികളിലൊരാളാണ് കൈപ്പറ്റിയിരുന്നത്. പണം ചോദിച്ചപ്പോള്‍, വേശ്യാവൃത്തിക്ക് സമ്മതിച്ചാലല്ലാതെ പണം നല്‍കില്ലെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സംഘം ഇവിടെ രണ്ട് മാസം ജോലി ചെയ്യിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിനിടെ പൊലീസ് സംഘം അപ്പാര്‍ട്ട്മെന്റില്‍ റെയ്‍ഡ് നടത്തിയതോടെയാണ് എല്ലാവരും പിടിയിലായത്. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതോടെ പ്രത്യേക സംഘം രൂപീകരിച്ച് ഇവിടെ പരിശോധന നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.