ബീച്ചിലെത്തിയ അമ്മയ്ക്കും മകനും സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍
കൊല്ലം: പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍. തെന്മലയില്‍ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശിഷിനെ പിടികൂടിയത്.
തെക്കുംഭാഗം ബീച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 44 കാരിയായ ഷംലയും 21 വയസ്സുള്ള മകന്‍ സാലുവും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഷംല വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറില്‍പ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. ഊണുവാങ്ങി കാറില്‍വെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.
അമ്മയാണെന്നു പറഞ്ഞപ്പോള്‍ തെളിവുചോദിച്ചായിരുന്നു മര്‍ദനം. ആളുകള്‍ കൂടുന്നതുകണ്ടപ്പോഴാണ് ഇയാള്‍ മര്‍ദനം അവസാനിപ്പിച്ചത്. രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വര്‍ഷമായി ചികിത്സയിലാണ് ഷംല.
ഷംലയും സാലുവും പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പരവൂര്‍ എ സി പിയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറഞ്ഞു.