കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യം ചെയ്യും; ഇഡിയ്ക്ക് തെളിവുകൾ കൈമാറി, കെ ടി ജലീല്‍
കൊച്ചി: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ വിളിപ്പിച്ചതെന്ന് കെടി ജലീൽ എംഎൽഎ. താന്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറി. നേരത്തെ കൊടുത്ത രേഖകൾക്ക് പുറമെ കുറച്ച് രേഖകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ നാളെ ഇഡി ചോദ്യം ചെയ്യും. ഏഴാം തിയതി അദ്ദേഹത്തിന്റെ മകൻ ആഷിഖിനേയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ജലീൽ പറഞ്ഞു.ഇഡി ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീൽ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ‘എആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ വന്നിട്ടില്ല. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് ഇഡി വിളിപ്പിക്കുകയായിരുന്നു.’- ജലീൽ പറഞ്ഞു.