സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: കോട്ടയ്ക്കലിൽ അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും പ്രതി

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. വ്യാഴാഴ്ചയാണ് മലപ്പുറത്ത് നിന്ന് സലീം പിടിയിലായത്. സലീമും കോഴിക്കോട് കേസില്‍ പിടിയിലാകാനുള്ള ഷബീറും തെലങ്കാന കേസില്‍ അറസ്റ്റിലായ മുഹമ്മദ് റസലും ചേര്‍ന്നാണ് രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇന്തോനേഷ്യയില്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സലീം എന്നാണ് പൊലീസ് പറയുന്നത്.

രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കോട്ടയ്ക്കലിലെ ഒളിസങ്കേതത്തില്‍ നിന്നാണ് സലീമിനെ അറസ്റ്റ് ചെയ്തത്. കൊരട്ടിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പ്രധാന പ്രതിയായ സലീമിനെ തൃശൂര്‍ പൊലീസിന് കൈമാറി. കോഴിക്കോട് കേസിലും ഉള്‍പ്പെട്ട സലീമിനെ രണ്ടുദിവത്തിനുള്ളില്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. തെലങ്കാനയില്‍ കള്ളനോട്ട് കേസിലും സലീം പ്രതിയാണ്.

അതേസമയം കോഴിക്കോട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം തെലങ്കാനയ്ക്ക് പോകും. അവിടെ ജയിലില്‍ കഴിയുന്ന റസലിനെ കസ്റ്റഡ‍ിയിലെടുത്ത് ചോദ്യം ചെയ്യും. കേരളത്തിലേക്ക് അടക്കം സിംകാര്‍ഡുകള്‍ എത്തിച്ച് നല്‍കിയത് റസലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനും ഹവാല ഇടപാടുകള്‍ക്കും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചതിന്റ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ കേസ് എന്‍ ഐ എ ഏറ്റെടുക്കാനുള്ള സാധ്യതയേറി. കഴിഞ്ഞദിവസവും എൻ ഐ എ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്

കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം തൃക്കാക്കരയിലും മറൈന്‍ ഡ്രൈവിലുമുള്ള റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിരുന്നു. കൊച്ചി നഗരത്തില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂരിലും കഴിഞ്ഞവര്‍ഷം ഇത് പോലെ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കാക്കേയങ്ങാട് സ്വദേശിയായ 34കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കാക്കയങ്ങാട് കവലയില്‍ വിവോ സെന്റ്റോ ഷോപ്പിങ് കോംപ്ലെക്‌സിന്റെ ഒന്നാം നിലയില്‍ സിപ്പ് സോഫ്റ്റ് ടെക്‌നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇവിടെ റെയ്ഡ് നടത്തിയ പൊലീസ് 256 ഓളം സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സിം കിറ്റ്, മൊബൈല്‍ ഫോണ്‍, 80 ഓളം സിം കാര്‍ഡുകള്‍, 3 മോഡം എന്നിവ റെയ്ഡില്‍ പിടികൂടിയിരുന്നു.

വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.