നിപ വൈറസ് ബാധ; കേരളത്തിന് നിർദേശവുമായി കേന്ദ്രം

കോഴിക്കോട്: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിന് നാലിന നിര്‍ദേശവുമായി കേന്ദ്രം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടൻ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കി. ക്വാറന്‍റൈനും ഐസൊലേഷനും പരമാവധി വേഗത്തില്‍ ഒരുക്കണം. സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തണം.എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തിനെത്തുടർന്ന് കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് സംസ്ഥാനത്തെത്തുക. കേരളത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, രോഗം ബാധിച്ച് മരിച്ച് കുട്ടിയുമായി സമ്പർക്കമുള്ള നാല് പേർക്ക് രോഗലക്ഷണങ്ങളില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സമ്പർക്ക പട്ടികയിലുള്ള ബാക്കി 17 പേരെ പരിശോധനക്ക് വിധേയമാക്കും. ഏകോപനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 4.45ന് മരണം സ്ഥിരീകരിച്ചു. മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ഒന്നാം തിയ്യതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചതോടെയാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്.