നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകർക്ക്, കോള്‍ സെന്ററും തുറന്നു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനുപിന്നാലെ രോഗലക്ഷണം സ്ഥിരീകരിച്ച രണ്ടുപേർ ആരോഗ്യപ്രവർത്തകർ. ഇരുവരും മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ.
കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യം പോയത് ഒരു സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെ ഒമ്പത് പേരുമായി സമ്പര്‍ക്കമുണ്ട്. അതിന് ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ ഏഴിലധികം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 188 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിൽ ഹൈറിസ്കിലുള്ളത് 20 പേരാണെന്നും ഇവരെ ഇന്ന് നാലു മണിക്കകം മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജമാക്കിയ വാർഡിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജിലെ പേ വാര്‍ഡ് ബ്ലോക്കാണ് നിപ ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.
നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകള്‍ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി പ്രത്യേക സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പരിശോധനയില്‍ പോസിറ്റീവായാല്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മാവൂരാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമീപ ജില്ലകളായ മലപ്പുറത്തും കണ്ണൂരിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നുപുലർച്ചെയാണ് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചത്.