തിരൂർ മണ്ഡലത്തിലെ സ്റ്റേറ്റേഡിയങ്ങൾക്ക് ഫണ്ട്,താനൂർ എംഎൽഎയുടെ വാദം അടിസ്ഥാനരഹിതം
താനൂർ എംഎൽഎ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പൊതുജനങ്ങളോട് പറയുമ്പോൾ അതിൻ്റെ വസ്തുതകളും, യാഥാർഥ്യങ്ങളും കലക്ടറേറ്റിൽ അന്യഷിക്കുകയെങ്കിലും ചെയ്യണം
തിരൂർ: മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രഖ്യാപിച്ച സ്റ്റേഡിയം നിർമ്മാണത്തിന് എം എൽ എ ഫണ്ടില്ലെന്ന തരത്തിൽ താനൂർ എംഎൽഎ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രചരണം അടിസ്ഥാന രഹിതവും, ഊഹാപോഹത്തിൽ നിന്നും ഉണ്ടായതാണെന്നും സി. മമ്മുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താനൂർ എംഎൽഎ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പൊതുജനങ്ങളോട് പറയുമ്പോൾ അതിൻ്റെ വസ്തുതകളും, യാഥാർഥ്യങ്ങളും കലക്ടറേറ്റിൽ അന്യഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു.കഴിഞ്ഞ മാസം 20 നാണ് ജില്ലാ കലക്ടർ തിരൂർ മണ്ഡലത്തിലെ സ്റ്റേഡിയങ്ങൾ എം എൽ എ ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയത്. പറവണ്ണ സ്കൂൾ സ്റ്റേഡിയം, കൽപകഞ്ചേരി സ്കൂൾ സ്റ്റേഡിയം, കരിപ്പോൾ സ്കൂൾ സ്റ്റേഡിയം, എടക്കുളം സ്റ്റേഡിയം, തിരൂർ ഗേൾസ് സ്കൂൾ മൾട്ടി പർപ്പസ് സ്റ്റേഡിയം, തുവ്വക്കാട് സ്റ്റേഡിയം എന്നിവക്കാണ് എം എൽ എ ഫണ്ടിൽ ഭരണാനുമതി ലഭിച്ചത്. തിരൂരിലെ പദ്ധതികൾക്ക് ഫണ്ടില്ലെങ്കിൽ തൻ്റെ പിഎ നോട് ചോദിക്കണമെന്ന താനൂർ എംഎൽഎയുടെ പറച്ചിൽ ഭരണ സംവിധാനത്തെ പരിഹസിക്കുന്നതായി. വസ്തുതകളും, വ്യക്തതയുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കുന്നത് ജനപ്രതിനിധികൾക്ക് യോജിച്ചതല്ല. ആദിവാസി ഗോത്ര സമൂഹത്തിനെ അധിക്ഷേപിച്ചതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സി മമ്മൂട്ടി എംഎൽഎ പറഞ്ഞു.