നിപ: ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയിലുള്ളത് 274 പേര്‍
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. അസ്വാഭാവികമായ പനിയോ അസ്വാഭാവികമായ മരണങ്ങളോ ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നല്ല സൂചനയാണ്. ഈ പ്രദേശങ്ങളില്‍ പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. അവര്‍ക്ക് ഈ കേസുമായി ഒരു ലിങ്കുമില്ല. കോവിഡും നിപയും പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിളുകള്‍ ഇവരില്‍ നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ കേന്ദ്രസംഘവും സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചെയ്യുന്നതാണ്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്സിന്‍ എടുക്കാത്ത അധ്യാപകരുള്‍പ്പെടെയുള്ളവരുടെ കണക്കെടുക്കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തന്നെ 77 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.