മുസ്‌ലിം ലീഗിന്റെ എല്ലാ കമ്മിറ്റികൾക്കും എ.ആർ. നഗർ ബാങ്കിൽ അക്കൗണ്ട് -ജലീൽ
കൊച്ചി: എ.ആർ. നഗർ ബാങ്കിൽ മുസ്‌ലിംലീഗിന്റെ സംസ്ഥാനത്തൊട്ടുക്കുമുള്ള കമ്മിറ്റികളുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കെ.ടി. ജലീൽ. വ്യക്തികളുടെ പേരല്ല, മറിച്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെയാണ് ചേർത്തിരിക്കുന്നത്. ബാങ്കിലെ അക്കൗണ്ടുകളിൽ പലതും ഡിലീറ്റ് ചെയ്തു. ബാങ്കിന്റെ സോഫ്റ്റ്‌വേർ കമ്പനിയോട് ആദായനികുതിവകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട് -ചന്ദ്രിക കള്ളപ്പണക്കേസിൽ ഇ.ഡി.യുടെ മുന്നിൽ ഹാജരായശേഷം ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
എ.ആർ. നഗർ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇ.ഡി. അന്വേഷണം വേണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. സഹകരണബാങ്കുകളിൽ ഇ.ഡി. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. സംഭവത്തിൽ സർക്കാർ നടപടികൾ എടുക്കാത്തതെന്തെന്ന ചോദ്യത്തിന് നടപടിവരുമെന്നും വിജിലൻസ് അന്വേഷണം വേണോ എന്ന കാര്യത്തിലൊക്കെ തീരുമാനമാകാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ജലീൽ പറഞ്ഞു.
പാലാരിവട്ടംപാലം നിർമാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്‌ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുവഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ഇ.ഡി. അന്വേഷണം.
വെടിക്കെട്ട് നിർത്തിയെന്ന് സലാം, കാരാത്തോട്ടുനിന്ന് തുടങ്ങുമെന്ന് ജലീൽ
ജലീലിനെ സി.പി.എം. തിരുത്തിയതിനു പിന്നാലെ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമും ജലീലും സാമൂഹികമാധ്യമത്തിൽ ഏറ്റുമുട്ടി. ‘ആകാശവാണി തിരുവനന്തപുരം നിലയത്തിൽനിന്നുള്ള ഇടപെടലിനാൽ വളാഞ്ചേരി നിലയത്തിൽനിന്നുള്ള എ.ആർ. നഗർ പൂരത്തിന്റെ വെടിക്കെട്ട് താത്കാലികമായി നിർത്തി’ എന്നായിരുന്നു സലാമിന്റെ കുറിപ്പ്.
ഇതിനു മറുപടിയായി, ‘എ.ആർ.നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ടുനിന്ന് തുടങ്ങും. തീയണയ്ക്കാൻ തിരൂരങ്ങാടിയിലെ ഫയർ എൻജിൻ മതിയാകാതെ വരും’ എന്ന് ജലീൽ കുറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കുടുംബവീട് ഉൾപ്പെടുന്ന സ്ഥലമാണ് കാരാത്തോട്.
ജലീലിന് പിന്തുണയില്ലെന്നത് മാധ്യമ വ്യാഖ്യാനം -വിജയരാഘവൻ
എ.ആർ. നഗർ ബാങ്ക് വിഷയത്തിൽ കെ.ടി. ജലീലിനെ സി.പി.എം. പിന്തുണയ്ക്കുന്നില്ലെന്നത് മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സെക്രട്ടറി എ. വിജയരാഘവൻ. ഇ.ഡി.യോടുള്ള പൊതുനിലപാട് പാർട്ടിയും സർക്കാരും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.