അന്‍പതോളം മോഷണകേസിലെ പ്രതി പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് അമ്പലങ്ങളും, അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും, സ്വർണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മോഷണം നടത്തി വന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ വിശ്വനാഥൻ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ചാണ് മോഷണം നടത്തിവന്നത്.

ജില്ലയിൽ മോഷണം കൂടി വരുന്നതിനോടനുബന്ധിച്ച്  നടന്നു വരുന്ന പ്രത്യേക  അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്. പാലക്കാട് സിവിൽ സ്റ്റേഷൻ്റെ പുറകിലുള്ള കല്ലേക്കാട്  മാർച്ച് മാസം രാത്രി  ആൾത്താമസമുള്ള വീട്ടിൽ കയറി പണം, സ്വർണ്ണം, വാച്ച് എന്നിവ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു.

കൂടാതെ ഏപ്രിൽ മാസം പെരിന്തൽമണ്ണ ശിവക്ഷേത്രത്തിൻ്റെ ഓഫീസ് കുത്തിത്തുറന്ന് 50,000 രൂപ മോഷ്ടിച്ചതും വിശ്വനാഥനാണ്. മോഷണ മുതലുകൾ പോലിസ് കണ്ടെടുത്തു. പാലക്കാട് ജില്ല യിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ  അൻപതോളം മോഷണക്കേസ്സുകൾ ഉണ്ടായിരുന്നു.

പാലക്കാട് സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം , സബ് ഇൻസ്പെക്ടർ രമ്യാ കാർത്തികേയൻ, ASI ശശി, SCPO രമേഷ്, ഗീത ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, K. അഹമ്മദ് കബീർ, R. വിനീഷ്, S. ഷനോസ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.