കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ

തൃശൂര്‍: ആറു മാസം മുൻപ് കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിൽ കണ്ടെത്തി. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്‍റെയും ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അമല്‍ കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം.

ആറു മാസം മുന്‍പു കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്‍റെ ഫോട്ടൊകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയതും ഫോട്ടൊ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും അമല്‍ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു. അമലിന്‍റെ വീട്ടില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയ വീട്. വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടില്‍ ആരും കയറിയിട്ടില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലം നോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.

മാര്‍ച്ച് 18 നാണ് അമലിനെ കാണാതായത്. എടിഎം കാര്‍ഡിനു തകരാര്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അതു പരിഹരിക്കാന്‍ അമ്മക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിലെത്തുകയായിരുന്നു. അമ്മയുടേയും അമലിന്‍റെയും അക്കൗണ്ടുകള്‍ രണ്ടു ബാങ്കുകളിലായിരുന്നു. സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണ് പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്.