തൃപ്പൂണിത്തുറയില്‍ സ്വരാജ് തോൽക്കാൻ കാരണം സിപിഐ; പരാതിയുമായി സിപിഎം

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സിപിഐ സഹകരിച്ചില്ലെന്ന് സിപിഎം . ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐ വോട്ടുകള്‍ ഇടതുസ്ഥാനാര്‍ത്ഥി എം സ്വരാജിന് ലഭിച്ചില്ലെന്നാണ് പരാതി. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവനെയാണ് സിപിഎം ജില്ലാ നേതാക്കള്‍ പരാതി അറിയിച്ചത്.പരാതി സിപിഎം സിപിഐ നേതൃത്വത്തെ അറിയിക്കും. പാര്‍ട്ടി ശക്തികേന്ദ്രമായ ഉദയംപേരൂരില്‍ സിപിഎമ്മില്‍ വിഭാഗീതയ രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം നിരവധി പേര്‍ സിപിഐയിലേക്ക് പോകുകയും ചെയ്തിരുന്നു.

തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി എന്‍ സുന്ദരനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സുന്ദരനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.തൃപ്പൂണിത്തുറയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് യുഡിഎഫിലെ കെ ബാബുവിനോട് 1009 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കെ ബാബു 65875 വോട്ടു നേടിയപ്പോള്‍ 64883 വോട്ടാണ് സ്വരാജിന് ലഭിച്ചത്.

ആറന്മുളയില്‍ വീണാ ജോര്‍ജിന്‍റെ പ്രചാരണത്തില്‍ നിന്ന് 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നുവെന്ന് സിപിഎമ്മിന്‍റെ അവലോകന റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. ഇലന്തൂരിലും കുളനടയിലുമായി മൂന്ന് എല്‍സി അംഗങ്ങള്‍ വിട്ടുനിന്നു. മല്ലപ്പുഴശ്ശേരിയില്‍ ഒരു ലോക്കല്‍ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീര്‍ കുമാര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.