പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താൻ ഇഡിക്ക് മുന്നിൽ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസിന് പിന്നിൽ രാഷ്‌ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രിക സാമ്പത്തിക കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടി ഇഡി ഇന്ന് നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരവും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം.

കേസിൽ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീൽ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീൽ ആരോപിച്ചു.