പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ദീര്‍ഘനാളായി അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലായിരുന്നു. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
1939-ല്‍ ഏറണാകുളം കരീത്തറ വീട്ടില്‍ കെ.ആര്‍.മാത്യുവിന്റെയും ലുഥീനയുടെയും മകനായി ജനിച്ചു.

എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്‌, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. മത്തായി മാ‍ഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.