5000 അടിച്ച ടിക്കറ്റ് മാറാൻ ചെന്നപ്പോൾ കണ്ണിലുടക്കിയത് ഫാൻസി നമ്പർ; ഭാഗ്യം വന്ന വഴി പറഞ്ഞ് ജയപാലൻ
കൊച്ചി: തിരുവോണം ബമ്പർ തേടിയെടിത്തിയ ഭാഗ്യവാൻ ആരാണെന്നുള്ള അന്വേഷണത്തിന് ഒടുവിൽ യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തി.മരട് പനോരമ നഗർപൂപ്പന പറമ്പിൽ കണ്ണൻ എന്നു വിളിക്കുന്ന ജയപാലനാണ് 12 കോടിയുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.തൃപ്പൂണിത്തുറ മീനാക്ഷി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിലൂടെയാണ് കണ്ണൻ എന്ന് വിളിക്കുന്ന ജയപാലനെ തേടി ഭാഗ്യദേവത എത്തിയത്.
നേരത്തെ ഒമ്പതാം തീയതി 5000 രൂപ അടിച്ചിരുന്നു. 10ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും അഞ്ചു ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തത്.മറ്റ് ടിക്കറ്റ് എടുത്തതിന്‍റെ കൂടെ ഫാൻസി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ട് വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്. ടിക്കറ്റിന്‍റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റി ബാങ്ക് നൽകിയ രസീതും ജയപാലൻ കാണിച്ചു.
ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലൻ പറയുന്നു. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അത്രമാത്രമാണ് ആഗ്രഹം. ആദ്യം പറഞ്ഞ് കേട്ടപ്പോൾ വിശ്വാസമായില്ലെന്ന് മകനും കണ്ണീരോടെ പറയുന്നു. വീട് പണി കഴിഞ്ഞതോടെ കടത്തിൽ മുങ്ങിയിരിക്കുകയായിരുന്നു. വലിയ ആശ്വാസവും ഭാഗ്യമാണ് ഈ ലോട്ടറിയെന്നാണ് ജയപാലന്‍റെ അമ്മ പറയുന്നത്.
ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത് മുതൽ ആകാംക്ഷയോടെയാണ് കേരളം ഭാഗ്യശാലിയെ തേടിയത്.മീനാക്ഷി ലോട്ടറീസിന്‍റെ തൃപ്പൂണിത്തുറ ശാഖയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്‌ചതന്നെ ഉറപ്പിച്ചിരുന്നു. ഭാഗ്യശാലിക്കായുള്ള അന്വേഷണത്തിനിടെ ഗൾഫിലുള്ള വയനാട് സ്വദേശിയായ ഹോട്ടൽ തൊഴിലാളി അവകാശവാദവുമായെത്തി. പാലക്കാട്ട് കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴി എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നതെന്ന കഥയ്‌ക്ക് മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂവെങ്കിലും കേരളാ ഭാഗ്യക്കുറിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാൻ ആ കള്ളക്കഥയ്ക്കായി.
തിങ്കളാഴ്‌ച പകൽ മുഴുവൻ വാർത്താ മാധ്യമങ്ങളിൽ വയനാടുകാരൻ സെയ്തലവിയുടെ കഥകളായിരുന്നു. സുഹൃത്ത് ടിക്കറ്റെടുത്ത് നൽകിയെന്നും അദേഹത്തിന് സെയ്‌തലവി ഗൂഗിൾ പേയിലൂടെ പണം നൽകിയെന്നും കഥയിൽ വിവരണം. എന്നാൽ ടിക്കറ്റ് വിറ്റ ഏജൻസിയിലേക്ക് അവരാരും വിളിച്ചില്ല.ടിക്കറ്റ് വിറ്റത് തങ്ങൾതന്നെ എന്നതിന് തെളിവ് തൃപ്പൂണിത്തുറ ഏജൻസി പുറത്തുവിട്ടു. കോഴിക്കോടുകാരൻ സുഹൃത്ത് സെയ്‌തലവിയ്‌ക്ക് ലോട്ടറി ടിക്കറ്റിന്‍റെ ചിത്രം വാട്‌സാപ്പ് വഴി അയച്ചു കൊടുത്തെന്ന വിവരം ആശയക്കുഴപ്പംകൂട്ടി. ഇതിനിടയിലാണ് യഥാർഥ അവകാശി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലൻ ടിക്കറ്റ് കനറ ബാങ്കിൽ ഏൽപിച്ചത്.