കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നേക്കും
ന്യൂഡൽഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എം എൽ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഇരുവരും കോൺഗ്രസിൽ ചേരുമെന്നായിരുന്നു വാർത്തകളെങ്കിലും ഭഗത് സിംഗ് ദിനമായ സെപ്തംബർ 28ന് പാർട്ടി അംഗത്വമെടുക്കാനാണ് ഇരുവരുടേയും തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.
ഗുജറാത്തിൽ നിന്നുള്ള എം എൽഎയായ ജിഗ്നേഷ് മേവാനിയെ കോൺഗ്രസിന്റെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആക്കിയേക്കുമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം തന്റെ സ്വന്തം സംസ്ഥാനമായ ബിഹാറിൽ പാർട്ടിയെ ശക്തിപ്പടുത്തുകയെന്നതായിരിക്കും കനയ്യ കുമാറിന്റെ ചുമതല.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് കനയ്യ കുമാർ ഇതിനോടകം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി ഒന്നിലേറെ തവണ ചർച്ചകൾ നടത്തികഴിഞ്ഞു. കോൺഗ്രസിൽ ചേർന്നാൽ പാർട്ടിക്കുള്ളിലെ തന്റെ സ്ഥാനം എന്തായിരിക്കുമെന്ന ഉറപ്പിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചകളെന്ന് നേതാവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇരു നേതാക്കന്മാരിൽ നിന്നും വ്യക്തമായ ചില ഉറപ്പുകൾ മുൻ വിദ്യാർത്ഥി നേതാവിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം ജിഗ്നേഷ് മേവാനി അടുത്ത നാളുകളായി കോൺഗ്രസ് നേതൃത്വത്തെ പുകഴ്ത്തി സംസാരിക്കുന്നതിൽ ഒരു പിശുക്കും കാട്ടാറില്ല.
ഇരുവരെയും തങ്ങളുടെ പാളയത്തിൽ എത്തിച്ചാൽ പാർട്ടിയിൽ നിന്ന് ചോർന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകൾ തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.