പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു
കോഴിക്കോട്: പയ്യോളി പെരിന്തൽമണ്ണ ദൃശ്യവധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയിലിലേക്കുള്ള യാത്രക്കിടെ രക്ഷപ്പെടാൻ ശ്രമിച്ചു. ദേശീയപാതയിൽ പയ്യോളി ടൗണിന് വടക്കുഭാഗത്തെ സ്വകാര്യ ഹോട്ടലിന് മുൻവശം വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മഞ്ചേരി സ്പെഷൽ സബ് ജയിലിൽനിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രമധ്യേ പ്രതിക്ക് മൂത്രമൊഴിക്കാൻ വേണ്ടി റോഡരികിൽ വാഹനം നിർത്തിയ സന്ദർഭത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതി സമീപത്തെ റെയിൽവെ ഗേറ്റും കടന്ന് പയ്യോളി മീൻപെരിയ റോഡിലെത്തുകയായിരുന്നു.
റോഡിന് സമീപം നിർത്തിയ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച് പ്രതി അതേ സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന യുവാവിന്‍റെ ചെറുത്തുനിൽപ്പിൽ ശ്രമം വിഫലമായി. തുടർന്ന് പൊലീസെത്തി പ്രതിയെ ജയിൽ വാഹനത്തിലേക്ക് കയറ്റി.
പയ്യോളി തടിയൻപറമ്പിൽ നൗഷാദാണ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം തടഞ്ഞത്. സ്കൂട്ടർ യാത്രക്കാരായ പയ്യോളി കടപ്പുറം താരേമ്മൽ അൻവർ ഹുസൈൻ (45), മകൾ ആയിഷ ഫിദ (16) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. സംഭവത്തിൽ ആയിഷ ഫിദയുടെ കൈക്ക് പരിക്കേറ്റു.
ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും സ്ഥലത്തെത്തി. 2021 ജൂൺ 17നാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21കാരിയായ ദൃശ്യയെ പ്രതി വിനീഷ് വിനോദ് കൊലപ്പെടുത്തിയത്.